play-sharp-fill
മദ്യപിക്കാൻ നൂറു രൂപ നൽകിയില്ല: തൃക്കൊടിത്താനത്ത് അച്ഛനെ മകൻ അടിച്ചു കൊന്നു; കൊലപാതക വിവരം പുറത്തറിഞ്ഞത് മൂന്നു ദിവസത്തിന് ശേഷം

മദ്യപിക്കാൻ നൂറു രൂപ നൽകിയില്ല: തൃക്കൊടിത്താനത്ത് അച്ഛനെ മകൻ അടിച്ചു കൊന്നു; കൊലപാതക വിവരം പുറത്തറിഞ്ഞത് മൂന്നു ദിവസത്തിന് ശേഷം

ക്രൈം ഡെസ്‌ക്

കോട്ടയം: മദ്യപിക്കാൻ നൂറു രൂപ ചോദിച്ചിട്ട് നൽകാതിരുന്നതിന്റെ ദേഷ്യത്തിന് അച്ഛനെ മകൻ അടിച്ചു കൊന്നു. തല ഭിത്തിയിൽ പല തവണ ഇടിപ്പിച്ച ശേഷമാണ് അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തൃക്കൊടിത്താനം പായിപ്പാട് കൊച്ചുപള്ളി വാഴേപ്പറമ്പിൽ കുഞ്ഞച്ചനാ(69)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞച്ചന്റെ മകൻ ജോസഫ് തോമസി (അനി -35) നെ തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ സാജു വർഗീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ അനി മദ്യപിച്ച് വീട്ടിലെത്തുന്നതും, അച്ഛനുമായി വഴക്കുണ്ടാക്കുന്നതും നിത്യ സംഭവമാണ്. ഇത്തരത്തിൽ കഴിഞ്ഞ 17 ന് രാത്രിയും അച്ഛനുമായി അനി വഴക്കിട്ടിരുന്നു. മദ്യപിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു അച്ഛനുമായി അനി വഴക്കിട്ടത്. പണം നൽകാൻ തയ്യാറാകാതെ വന്നതോടെ അനി അച്ഛന്റെ തല പിടിച്ച് വീടിന്റെ ഭിത്തിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തലയോട് പൊട്ടിയ കുഞ്ഞച്ചൻ തൽക്ഷണം മരിച്ചു. കൊലപാതക വിവരം മറ്റാരും അറിയാതിരിക്കുന്നതിനായി അനി മൃതദേഹം കട്ടിലിൽ കിടത്തി. വീടിനുള്ളിലും തലയിലുമുണ്ടായിരുന്ന രക്തം തുടച്ച് കളയുകയും ചെയ്തു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടത് കട്ടിലിൽ മരിച്ചു കിടക്കുന്ന കുഞ്ഞച്ചനെയാണ്. സ്വാഭാവിക മരണമാണെന്നു കരുതിയ ഇവർ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. തുടർന്ന് വ്യാഴാഴ്ച സംസ്‌കാരത്തിന് സമയവും നിശ്ചയിച്ചു. വ്യാഴാഴ്ച രാവിലെ മൃതദേഹം സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് അനിയും അച്ഛനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായതായി പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം വിവരങ്ങൾ വൈദികരെ ധരിപ്പിച്ചു. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നിർദേശാനുസരണം മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതോടെ നെറ്റിയിലെയും തലയിലേയും ആഴമേറിയ മുറിവ് കണ്ടെത്തി. മർദനമേറ്റതിനു സമാനമായ പരിക്കുകളും ശരീരരത്തിന്റെ പല ഭാഗത്തും കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. തുടർന്ന് പൊലീസ് സംഘം സംസ്‌കാരത്തിനു ശേഷം അനിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്ക് ശേഷം അനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.