സംസ്ഥാനത്താകമാനം സൗജന്യ ആംബുലൻസ് സേവനമൊരുക്കി ‘കനിവ് 108’ കേന്ദ്രീകൃത കോൾസെന്റർ
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ ‘കനിവ്-108’ന്റെ കേന്ദ്രീകൃത കോൾസെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രർത്തിക്കുന്ന അത്യാധുനിക കോൾസെന്റർ പ്രവർത്തിക്കുന്നത്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോൾസെന്ററിൽ സേവനമനുഷ്ടിക്കുന്നത്.
ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോൾസെന്ററിൽ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്ബരിലൂടെയും ആൻഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108ന്റെ സേവനം ലഭ്യമാകുന്നതാണ്. കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോൾ എത്തുന്നത് ഈ കേന്ദ്രീകൃത കോൾ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയർ വഴി കോൾസെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോൾ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകൾ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാൾ കോൾ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നൽകിയാൽ പരിമിതമായ സമയത്തിനുള്ളിൽ ഇടപെടാനാകും. കോൾ സെന്ററിലെ മോണിറ്ററിൽ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാൽ അതിന് തൊട്ടടുത്തുള്ള ആംബുലൻസ് ഏതെന്ന് തിരിച്ചറിയാൻ സാധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷനുമാണ് ഉണ്ടാകുക. ആംബുലൻസിൽ ജി.പി.എസും മേപ്പിംഗ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കൽ ടെക്നീഷന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാർട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊന്നിൽകൂടി വിവരം കൈമാറാനാണിത്. കോൾ സെന്ററിൽ നിന്നും മെഡിക്കൽ ടെക്നീഷനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷൻ നൽകുന്നു. അപകടത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ചെന്തെങ്കിലും മുൻകരുതലുകൾ എടുക്കണമെങ്കിൽ കോൺഫറൻസ് കോൾ മുഖാന്തിരം വിളിച്ച ആളും മെഡിക്കൽ ടെക്നീഷനുമായി കണക്ട് ചെയ്തു കൊടുക്കുന്നു.
ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. പേപ്പറിൽ വിവരം ശേഖരിച്ച് വിളിച്ച് പറയുന്ന പഴയ രീതി മാറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ടെക്നീഷ്യന്റെ കൈവശമുള്ള സ്മാർട്ട് ഫോണിനകത്ത് പ്രീ ലോഡ് ഇൻഫർമേഷൻ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതിൽ എൻട്രി ചെയ്ത് കൊടുത്താൽ മാത്രം മതിയാകും. അതിനാനുപാതികമായ വിവരങ്ങൾ കോൾ സെന്ററിൽ കിട്ടിക്കൊണ്ടിരിക്കും. പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം രോഗിയെ പരിശോധിച്ചു കഴിഞ്ഞാൽ കിട്ടുന്ന ഓരോ വിവരങ്ങളും ലൈവായി കോൾ സെന്ററിൽ എത്തിക്കാൻ സാധിക്കുന്നു. അതിന് ആനുപാതികമായി ഏത് തരം ചികിത്സ ഏത് തൊട്ടടുത്തുള്ള ആശുപത്രിയിൽ ലഭ്യമാക്കാമെന്ന് കോൾ സെന്ററിൽ നിന്നറിയിക്കുന്നു. കോൾ സെന്ററിന് സംശയമുണ്ടെങ്കിൽ ടെലി കോൺഫറൻസ് വഴി ഡോക്ടറുടെ സഹായം തേടാനും കഴിയും. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിയ്ക്ക് അലർട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. അതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. രോഗിയെ കൊണ്ടു വരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നു. ഈ അറിയിപ്പ് കിട്ടിയാൽ ആശുപത്രിയിൽ വെന്റിലേറ്ററിന്റേയോ വിദഗ്ധ ഡോക്ടറുടേയോ അഭാവമുണ്ടായാൽ എത്രയും പെട്ടന്ന് ഈ നോഡൽ ഓഫീസർ കോൾ സെന്ററിനെ അറിയിക്കും. അതിനാനുപാതികമായി അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോൾസെന്റർ സൗകര്യമൊരുക്കിക്കൊടുക്കുന്നു.
നഗര പ്രദേശങ്ങളിൽ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമ പ്രദേശത്ത് പരാമധി 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളിൽ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലൻസ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം അപകടം നടന്നതിന് തൊട്ടടുത്തുള്ള സൗകര്യമുള്ള ആശുപത്രിയുടെ വിവരവും നൽകുന്നതാണ്. അപകട സ്ഥലത്തെത്തിയാൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രോഗിയുടെ നില വിലയിരുത്തുകയും അതനുസരിച്ച് ആംബുലൻസിൽ കയറ്റുകയും ചെയ്യുന്നു. തുടർന്ന് ആവശ്യമെങ്കിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന് കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. രോഗിയെ എറ്റവുമടുത്തുള്ള സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുന്നതാണ്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിൽ ഈ മാസം 25 മുതൽ ആംബുലൻസിന്റെ സേവനങ്ങൾ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ 101 ആംബുലൻസുകളാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ബാക്കിയുള്ള 214 ആംബുലൻസുകൾ എത്രയുംവേഗം സജ്ജമാകുന്നതാണ്. ഒക്ടോബർ അവസാനം മുതൽ ഈ പദ്ധതി പൂർണതോതിൽ സജ്ജമാകുന്നതാണ്.
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് സമഗ്ര ട്രോമകെയർ സംവിധാനമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിൽ പ്രതിവർഷം പകർച്ചവ്യാധികൾമൂലം 500ൽ താഴെയാണ് മരണം സംഭവിക്കുന്നത്. അതേസമയം 3000ലധികം മരണമാണ് റോപകടങ്ങിലൂടെ സംഭവിക്കുന്നത്. അപകടം നടന്ന് ഗോൾഡൻ അവറിനുള്ളിൽ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ നിരവധി ജീവനുകൾ രക്ഷിക്കാനാകും. ഇതിന്റെ ഭാഗമായാണ് ആംബുലൻസ് ശൃഖലയും കോൾ സെന്ററും സജ്ജമാക്കിയത്. ആശുപത്രികളിൽ മികച്ച ട്രോമ സംവിധാനമാണ് ഒരുക്കി വരുന്നത്. ആരോഗ്യ മേഖലയിൽ വലിയ മാറ്റത്തിന് സമഗ്ര ട്രോമകെയർ സംവിധാനം ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്ഘാടനശേഷം കോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഷർമ്മിള മേരി ജോസഫ്, ജനറൽ മാനേജർ ഡോ. ദിലീപ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു മോഹൻ, സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.