മോദിയ്ക്ക് അമേരിക്കയിലേക്ക് പറക്കണം ; വ്യോമപാത തുറന്നുതരണമെന്ന് പാകിസ്താനോട് ഇന്ത്യ
സ്വന്തം ലേഖിക
ന്യൂഡൽഹി: യു.എൻ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രിയുടെ വിമാനത്തിനായി പാകിസ്താൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തിൽ അനുമതി തേടിയത്. എന്നാൽ ഇന്ത്യയുടെ അഭ്യർഥനയോട് പാക് സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബർ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബർ 27 നാണ് യുഎൻ സമ്മേളനം ആരംഭിക്കുന്നത്. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് യാത്ര ചെയ്യാനും ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നുവെങ്കിലും ഇമ്രാൻ ഖാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യാത്രക്കായി പാക് വ്യോമപാത ഉപയോഗിക്കാൻ പാകിസ്താനോട് ഇന്ത്യ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഫ്രാൻസ് സന്ദർശനത്തിനായി പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയിരുന്നു. അന്ന് പാകിസ്താൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
ബാലകോട്ട് ആക്രമണത്തിന് ശേഷം ഏറെനാൾ പാകിസ്താൻ വ്യോമപാത അടച്ചിട്ടിരുന്നു. ഇതിന് ശേഷം തുറന്ന വ്യോമ പാത കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് പാകിസ്താൻ വീണ്ടും അടക്കുകയായിരുന്നു.