play-sharp-fill
പെരിയ കൊലക്കേസിൽ പ്രതികൾക്കായി ആളുരെത്തും: പിന്നിൽ സിപിഎമ്മെന്ന് ആരോപണം; ആളുരിനെ രാഷ്ട്രീയ കൊലക്കേസിൽ കൊണ്ടു വരുന്നത് ആര്

പെരിയ കൊലക്കേസിൽ പ്രതികൾക്കായി ആളുരെത്തും: പിന്നിൽ സിപിഎമ്മെന്ന് ആരോപണം; ആളുരിനെ രാഷ്ട്രീയ കൊലക്കേസിൽ കൊണ്ടു വരുന്നത് ആര്

ക്രൈം ഡെസ്‌ക്

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരാകുക അഡ്വ.ബി.എ ആളൂർ. സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന അഡ്വ.ബി.എ ആളൂർ കോടതിയിൽ ഹാജരാകുന്നത് ആരുടെ നിർദേശപ്രകാരമാണെന്നുള്ള സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഇതോടെ കേസിൽ സിപിഎമ്മിന്റെ പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം ഏറെ കോലിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രതിഷേധത്തിന് കാരണമായ കേസ് കൂടിയാണിത്. അതിനാൽ തന്നെ ആളൂരിനെ വഴിതടയുന്നതുൾപ്പെടെയുള്ള സംഭവങ്ങൾക്കുള്ള സാധ്യത തള്ളിക്കളായാനാവില്ല. ഭീഷണി നേരിടുന്ന കേസുകളിൽ ആളൂർ അംഗരക്ഷകരുമായി വരുന്ന പതിവ് ഈ കേസിലും ഉണ്ടാവാനിടയുണ്ട്. ബോംബെയിലുള്ള സ്വകാര്യ സെക്യൂരിറ്റിക്കാണ് ആളൂരിന്റെ സുരക്ഷ ചുമതല .
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. മലപ്പുറം ക്രൈം ബ്രാഞ്ച് സിവൈഎസ്പി സി എം പ്രദീപിന്റെ നേതൃത്തത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഈ കേസിൽ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു. ആദ്യ അന്വേഷണസംഘം കണ്ടെടുത്ത വടിവാളുകളും ഇരുമ്ബ് ദണ്ഡുകളും അടക്കമുള്ള എട്ട് ആയുധങ്ങളാണ് പരിശോധിച്ചത്. ആയുധങ്ങൾ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അനുമതി നൽകണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഈ ആവശ്യത്തെ എതിർത്തു. പ്രവർത്തിസമയത്ത് സീൽ പൊട്ടിക്കാതെ പരിശോധിക്കാൻ കോടതി അനുമതി നൽകി. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ ഡോ. എൻ ഗോപാലകൃഷ്ണ പിള്ള കോടതിയിൽ നേരിട്ടെത്തിയാണ് ആയുധങ്ങൾ പരിശോധിച്ചത്.
എല്ലാ പഴുതുകളും അടച്ചുള്ള ചാർജ് ഷീറ്റാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ പ്രമുഖ വക്കിലുമാർ മുഖേന നടത്തിയ ജാമ്യാപേക്ഷ കോടതി നിരസിച്ചുവെന്ന് മാത്രമല്ല, ഡയറക്ടർ ജനെറൽ ഓഫ് പ്രോസിക്യൂഷനും കോടതിയുടെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. പ്രതികൾക്ക് ജാമ്യം പോലും കിട്ടാതായ സാഹചര്യത്തിലാണ് അവസാന അടവെന്നോണം ആളൂരിനെ ഇറക്കുന്നത്. വൻ തുക ഫീസീടാക്കുന്ന ആളൂരിനെ കളത്തിലിറക്കുന്നതിന് പിന്നിൽ സിപിഎം ആണോ എന്ന സംശയവും ഉയരുന്നുണ്ട്.
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകകേസിലെ കുറ്റപത്രത്തിൽ സാക്ഷികളായി കുറ്റാരോപിതരും സിപിഎം നേതാക്കളുമുണ്ടായിരുന്നു. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു
കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരൻ കൃത്യത്തിന് മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, തന്നെ ഏൽപ്പിച്ച ഫോൺ പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ അച്ഛൻ ശാസ്താ ഗംഗാധരന്റെ മൊഴി. അതു കൊണ്ടാണ് തന്റെ മകനെ കൊലപാതക സംഘത്തിൽ കൂട്ടിയതെന്നും ആയുധങ്ങൾ തന്റെ പറമ്പിൽ ഉപേക്ഷിച്ചതെന്നും അദ്ദേഹം മൊഴി നൽകിയിരുന്നു.
പ്രതികൾ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയിരുന്നു. എന്നാൽ, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടിൽ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാത്യുവിന്റെ മൊഴി. ഇവരെ കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്ഥഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്റെ അമ്മ ഗീത, ആരോപണ വിധേയനായ വത്സരാജ് അഡ്വക്കറ്റ് ഗോപാലൻ നായർ എന്നിവരും സാക്ഷി പട്ടികയിലുണ്ട്. 229 സാക്ഷികളിൽ അമ്പത് പേർ സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നും ആരോപണമുണ്ട്.