കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് നഗരമധ്യത്തിലെ മോഷണം: ആസൂത്രണം ആശുപത്രിയിൽ നിന്ന്; തന്ത്രമൊരുക്കി നൽകിയത് പ്രതിയുടെ അമ്മ; ബാദുഷാ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ പ്രതികൾ ആസൂത്രണം നടത്തിയത് ആശുപത്രിയിൽ നിന്നെന്ന് പൊലീസിനു വ്യക്തമായ സൂചന. പോസ്റ്റ് ഓഫിസ് റോഡിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് പ്രതികൾക്ക് രക്ഷപെടുന്നതിനു വഴിയൊരുക്കിയത് കേസിലെ പ്രധാന പ്രതിയും കഞ്ചാവ് മാഫിയ തലവനുമായ ബാദുഷയുടെ അമ്മയാണെന്ന സൂചനയാണ് പൊലീസിനു ലഭിക്കുന്നത്. ശസ്ത്രക്രിയക്കായി ബാദുഷയുടെ അമ്മ നഗരത്തിലെ ആശുപത്രിയിൽ കഴിയുകയാണ്. തിങ്കളാഴ്ച ഇവർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാൻ ഇരിക്കുകയായിരുന്നു. ആശുപത്രിയിലെ ബില്ല് അടക്കം അടയ്ക്കുന്നതിനായി തുക കണ്ടത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതിനായി മോഷണം നടത്താൻ മകനെ ചട്ടംകെട്ടി ഇവർ അയക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ബാദുഷയും കൂട്ടാളികളും ചേർന്നു മോഷണത്തിനായി നടത്തിയ തന്ത്രം ഇയാളുടെ അമ്മയും അറിഞ്ഞിരുന്നതായാണ് വിവരം.
കഴിഞ്ഞ ഒരു വർഷത്തോളമായി ബാദുഷയുടെ അമ്മ വിദേശത്തായിരുന്നു. വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ ആറു മാസത്തിലേറെയായി ബാദുഷ ജയിലിലായിരുന്നു. രണ്ടു മാസം മുൻപ് മാത്രമാണ് ബാദുഷ പുറത്തിറങ്ങിയത്. ഏതാനും മാസം മുൻപ് മാത്രമാണ് ഇയാളുടെ അമ്മ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. ഗൾഫിൽ നിന്നും എത്തിയ ശേഷം അമ്മയാണ് ഇയാളെ ജാമ്യത്തിലിറക്കിയതെന്നു പൊലീസ് പറയുന്നു.
ബാദുഷയുടെ മോഷണം അടിപിടി അക്രമക്കേസുകളിൽ എല്ലാം സംരക്ഷണം നൽകുന്നത് ഇയാളുടെ അമ്മയാണ്. ഏത് കേസിൽ കുടുങ്ങിയാലും പണമൊഴുക്കി ബാദുഷയെ ജാമ്യത്തിലിറക്കുന്നതും രക്ഷപെടുത്തുന്നതും അമ്മ തന്നെയാണ്. ഈ സാഹചര്യത്തിലാണ് കൊറിയർ സ്ഥാപനത്തിലെ മോഷണത്തിൽ ഇയാളുടെ അമ്മയ്ക്കും പങ്കുള്ളതായി പൊലീസ് സംഘം സംശയിക്കുന്നത്.
ഇതിനിടെ ബാദുഷ രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള ആഡംബര ബൈക്ക് വാങ്ങാൻ പദ്ധതിയിട്ടിരുന്നതായി തേർഡ് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചു. ഇതിനു പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇയാളും കൂട്ടാളികളും ചേർന്ന് മോഷണം ആസൂത്രണം ചെയ്തതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ പ്രതികൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.