play-sharp-fill
അഞ്ചു ജില്ലകളിൽ ഭീകരാക്രമണ ഭീഷണ: അതീവജാഗ്രതയിൽ ഓണംവാരാഘോഷം; തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അഞ്ചു ജില്ലകളിൽ ഭീകരാക്രമണ ഭീഷണ: അതീവജാഗ്രതയിൽ ഓണംവാരാഘോഷം; തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തന്റെ അന്വേഷണ റിപ്പോർട്ട്. കനത്ത സുരക്ഷയ്ക്കു നടുവിലാണ് തല സ്ഥാനത്ത് ഇന്ന് ഓണംവാരാഘോഷം നടക്കുന്നത്.
വൈകുന്നേരം അഞ്ചു മണിക്ക് വെള്ളയമ്ബലത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. കേരളീയ കലാരൂപങ്ങൾക്കൊപ്പം രാജസ്ഥാൻ, മണിപ്പൂർ, പഞ്ചാബ്, തമിഴ്നാട്, മദ്ധ്യപ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.
നഗരത്തിൽ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി വൈ എസ് പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും. ഇവർക്കു പുറമേ മൂന്ന് സർക്കിൾ ഇൻസ്‌പെക്ടർമാർ, ഷാഡോ പൊലീസ് സംഘം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോൾ, വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥർ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളിൽ പങ്കാളികളാകും.
കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ് ഒരുക്കും. ഇതിനായി 1500-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.
അതേസമയം, ഓണം വാരാഘോഷ സമാപന പരിപാടികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 16 ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷണൻ അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഭീകരാക്രമണ ഭീഷണി നിലവിലുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.