play-sharp-fill
ഒന്നു വിളിക്കാൻ കൊടുത്താൽ ഫോണുമായി മുങ്ങും: ഒറ്റക്കോളിന്റെ പേരിൽ ലക്ഷങ്ങളുടെ ഫോൺ തട്ടിയെടുത്ത പ്രതി പിടിയിൽ;  പ്രതിയെ കുടുക്കിയത് കാമുകിയുടെ വിളി

ഒന്നു വിളിക്കാൻ കൊടുത്താൽ ഫോണുമായി മുങ്ങും: ഒറ്റക്കോളിന്റെ പേരിൽ ലക്ഷങ്ങളുടെ ഫോൺ തട്ടിയെടുത്ത പ്രതി പിടിയിൽ; പ്രതിയെ കുടുക്കിയത് കാമുകിയുടെ വിളി

ക്രൈം ഡെസ്‌ക്
കൊച്ചി: വീട്ടിലേയ്ക്കു വിളിക്കാനെന്ന പേരിൽ ഫോൺവാങ്ങി പോക്കറ്റിലിട്ട് മുങ്ങുന്ന യുവാവ് ഈ ഒറ്റ നമ്പരിലൂടെ പോക്കറ്റിലാക്കിയത് 30 മൊബൈൽ ഫോണുകൾ. പതിനായിരം രൂപയ്ക്കു മുകളിൽ മാത്രം വിലയുള്ള ഫോണുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിയതിലൂടെ ഇയാൾ സമ്പാദിച്ചത് ലക്ഷങ്ങളാണ്.  പ്രതിയുടെ സുഹൃത്തായ പെൺകുട്ടിയെ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശിയായ അങ്കുലി(22)നെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ നാലാം തീയതി ലിസ്സി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ ഫോൺ അങ്കുൽ മോഷ്ടിച്ചിരുന്നു. സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ സുഹൃത്തായ പെൺകുട്ടിയുടെ സ്‌കൂട്ടറിൽ എത്തി റെയിൽവേ സ്റ്റേഷനിൽ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ ഫോൺ ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
ഒന്ന് ഫോൺ ചെയ്യാൻ എന്ന വ്യാജേന മൊബൈൽ വാങ്ങിയ ശേഷം അതുമായി കടന്നുകളയുകയാണ് അങ്കുലിന്റെ പതിവ്. എറണാകുളം കലൂർ ഭാഗത്തെ ഹോസ്റ്റലുകളിൽ മാറി മാറി താമസിച്ച് വരികയായിരുന്ന ഫുഡ് ഡെലിവറി പോയി ആയ ഇയാൾ പാതിരാ നേരത്ത് മെൻസ് ഹോസ്റ്റലുകളിൽ കയറി മൊബൈൽ ഫോണുമായി കടന്നുകളയുകയും ചെയ്യാറുണ്ട്. ഒടുവിൽ ഇയാൾ മോഷണത്തിനായി ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ഉടമയായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയും പെൺകുട്ടിയെ ഉപയോഗിച്ച് അങ്കുലിനെ കുടുക്കുകയുമായിരുന്നു. പെൺകുട്ടി പറഞ്ഞതനുസരിച്ച് കച്ചേരിപ്പടിയിലെത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം അങ്കുലിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിനായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.