കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറത്ത് ‘മത്തി’ ചാകര. തിരയോടൊപ്പം തീരത്തെത്തിയത് നല്ല പിടയ്ക്കുന്ന മത്തിക്കൂട്ടമാണ്. ചട്ടിയും കലവും എന്നുവേണ്ട, കൈയ്യില്‍ കിട്ടിയ പാത്രങ്ങളുമായി ആളുകള്‍ ഓടിയെത്തി മത്തി വാരിക്കൂട്ടി.
കാഞ്ഞങ്ങാടിന്റെ തീരദേശഗ്രാമമായ ചിത്താരിയിലും അജാനൂരിലുമാണ് മത്തി ചാകര ഉണ്ടായത്. ചിത്താരിയില്‍ അഴിമുഖം മുതല്‍ ചേറ്റുകുണ്ട് വരെ നാലു കിലോമീറ്റര്‍ നീളത്തിലും അജാനൂരില്‍ അഴിമുഖത്തോട് ചേര്‍ന്ന് തെക്കോട്ട് രണ്ടു കിലോമീറ്റര്‍ ദൂരം വരെയുമാണ് മത്തികള്‍ ഒഴുകിപ്പരന്നത്. ഈ പ്രതിഭാസം മുക്കാല്‍ മണിക്കൂറോളം നീണ്ടു. തിരമാലകള്‍ ഒരേസമയം ഇത്രയധികം മീന്‍ വര്‍ഷിക്കുന്നത് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് പുതുതലമുറയിലെ മത്സ്യത്തൊഴിലാളികളും തീരദേശത്തെ മറ്റുള്ളവരും പറയുന്നത്.
വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു അജാനൂരിൽ മത്തി ചാകര എത്തിയത്. ചാകരയുടെ വീഡിയോ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചുവെങ്കിലും ഇത് മറ്റെവിടെയോ ആണന്ന തരത്തിലാണ് ആളുകള്‍ കണ്ടത്. എന്നാല്‍, ഏറെ നേരം കഴിയും മുന്നേ ഇതിനെക്കാള്‍ വലിയ മീന്‍ തിരമാലകള്‍ ചിത്താരി തീരത്തേയ്ക്ക് എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group