play-sharp-fill
മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ: ഒന്നുമറിയാത്ത  ഫ്‌ളാറ്റ് ഉടമകൾ ഊരാക്കുടുക്കിൽ; ക്രിമിനലുകളായ നിർമ്മാതാക്കളും നഗരസഭ – സർക്കാർ ഉദ്യോഗസ്ഥരും സുഖമായി കഴിയുന്നു; നടപടിയെടുക്കേണ്ടത് അനധികൃതമായി കെട്ടിടം നിർമ്മിച്ച ക്രിമിനലുകൾക്കെതിരെ

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ: ഒന്നുമറിയാത്ത ഫ്‌ളാറ്റ് ഉടമകൾ ഊരാക്കുടുക്കിൽ; ക്രിമിനലുകളായ നിർമ്മാതാക്കളും നഗരസഭ – സർക്കാർ ഉദ്യോഗസ്ഥരും സുഖമായി കഴിയുന്നു; നടപടിയെടുക്കേണ്ടത് അനധികൃതമായി കെട്ടിടം നിർമ്മിച്ച ക്രിമിനലുകൾക്കെതിരെ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഒരായുസിന്റെ സമ്പാദ്യം മുഴുവനും സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് ചിലവഴിച്ച് ജീവിതകാലം സുന്ദരമാക്കാമെന്ന സ്വപ്‌നത്തോടെയാണ് മരടിൽ ഫ്‌ളാറ്റ് വാങ്ങിയ സാധാരണക്കാർ ഇവിടെ എത്തിയത്. കൊച്ചിയിലെ കായലോരത്ത്, പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സുഖമായി കഴിയാം. ഇത് മാത്രമായിരുന്നു ഇവരിൽ പലരുടെയും ലക്ഷ്യം. എന്നാൽ, ഇവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സുപ്രീം കോടതിയിൽ നിന്നും വന്ന വിധി. യാതൊന്നുമറിയാതെ, നിയമലംഘനങ്ങളെപ്പറ്റി ബോധ്യമില്ലാതെ ഫ്‌ളാറ്റ് വാങ്ങിയ പാവം ഉടമകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാകുകയായിരുന്നു.
എന്നാൽ, ഇവിടെ അനധികൃതമായി ഫ്‌ളാറ്റ് നിർമ്മിച്ച കെട്ടിടം ഉടമകളും അനധികൃതമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ ഈ ഫ്‌ളാറ്റിന് അനുമതി നൽകിയ നഗരസഭ അധികൃതരുമായി യഥാർത്ഥത്തിൽ ഈ കേസിൽ വില്ലനായിമാറിയിരിക്കുന്നത്. സുപ്രീം കോടതി വിധിയോടെ ഫ്‌ളാറ്റ് പൊളിച്ചു മാറ്റേണ്ടി വരികയാണെങ്കിൽ ഇതിനുള്ള ചിലവ് ഈടാക്കേണ്ടത് ഈ നഗരസഭ അധികൃതരിൽ നിന്നും, അനധികൃതമായി കെട്ടിടം നിർമ്മിച്ചു നൽകിയ ഫ്‌ളാറ്റ് ഉടമകളിൽ നിന്നുമാണ്.
എന്നാൽ, കൈക്കൂലി വാങ്ങി അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയ നഗരസഭ – സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സുപ്രീം കോടതി വിധി പ്രകാരം യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. പകരം ഇരയാക്കപ്പെടുന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരും സ്വന്തം കയ്യിലെ പണം ഉപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങിയ കെട്ടിടം ഉടമകളുമാണ്. ഇവരുടെ വാദം പോലും കേൾക്കാതെയാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതെന്ന് മുൻ ഹൈക്കോടതി  ജസ്റ്റിസ് കെമാൽപാഷയും, നിയമവിദഗ്ധനായ അഡ്വ.സെബാസ്റ്റ്യൻ പോളും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ഉടമകളെ ചതിച്ച നിർമ്മാതാക്കൾക്കും, ഇതിന് മൗനമായി അനുവാദം നൽകിയ നഗരസഭ അംഗങ്ങൾക്കും സർക്കാർ ജീവനക്കാർക്കും എതിരെ പ്രതിഷേധം ശക്തമാകുന്നത്.
കൈക്കൂലിയും സ്ഥാപിത താല്പര്യവും മാത്രം ലക്ഷ്യമിട്ട്, അനധികൃമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ ഇത്തരം ഒരു കെട്ടിടം നിർമ്മിക്കാൻ അനുവാദം നൽകിയ നഗരസഭ ഉദ്യോഗസ്ഥരാണ് ഈ കേസിലെ പ്രധാന പ്രതി. പാരിസ്ഥിതിക അനുമതി അടക്കം നൽകി കായലോരത്ത് ഇത്തരത്തിൽ അനധികൃതമായി ഫ്‌ളാറ്റ് ഉയർത്തുന്നത് കണ്ണും പൂട്ടി നോക്കി നിന്ന മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ കേസിലെ രണ്ടാം പ്രതിയാകും. ചട്ടം ലംഘിക്കുന്നതിനായി പണം ഒഴുക്കി, കോടികൾ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വാരിക്കോരിയൊഴുകിയ കെട്ടിട നിർമ്മാതാക്കളും ഇതിനു വേണ്ട ഒത്താശ ചെയ്തു നൽകിയ രാഷ്ട്രീയ നേതൃത്വവും ഈ കേസിൽ പ്രതിസന്ധാനത്ത് തന്നെയാണ്. അക്ഷരാർത്ഥത്തിൽ ഇവർ ആരൊക്കെയാണ് കൈക്കൂലി വാങ്ങി കോടികളുടെ ഇടപാടിന് കുടപിടിച്ചതെന്ന് കണ്ടെത്തി, ഇവരുടെ സ്വത്തുവകകളിൽ നിന്നും പണം കണ്ടെത്തുകയാണ് വേണ്ടത്. ഫ്‌ളാറ്റ് പൊളിക്കുന്നതിനു ചിലവാകുന്ന തുകയും, ഫ്‌ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരവും ഇവരിൽ നിന്നു തന്നെ ഈടാക്കുകയാണ് വേണ്ടത്.