play-sharp-fill
കോൺഗ്രസ് നേതാവ് ശിവകുമാറിന് 800 കോടിയുടെ ബിനാമി സ്വത്ത്: കസ്റ്റഡി 17 വരെ നീട്ടി

കോൺഗ്രസ് നേതാവ് ശിവകുമാറിന് 800 കോടിയുടെ ബിനാമി സ്വത്ത്: കസ്റ്റഡി 17 വരെ നീട്ടി

ന്യൂഡല്‍ഹി : ഹവാല ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സെപ്തംബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് ചൊവ്വാഴ്ച വരെ ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിട്ടുള്ളത്. അഞ്ചുദിവസം കൂടി കസ്‌റ്റഡിയില്‍ വേണമെന്ന ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്)യുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിക്കുകയായിരുന്നു.

ശിവകുമാറിന്‌ 800 കോടി രൂപയുടെ ബിനാമി സ്വത്തുണ്ടെന്നും കൂടുതല്‍ ചോദ്യംചെയ്യണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ്‌ കോടതിയില്‍ വ്യക്‌തമാക്കി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ ആരോപിച്ചു.

അനധികൃതസ്വത്തിനെക്കുറിച്ചു വിശദീകരിക്കാന്‍ ശിവകുമാറിനു സാധിച്ചില്ല. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക്‌ അക്കൗണ്ടുകള്‍ വഴിയാണ്‌ ഇടപാടുകള്‍. 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്‌തുക്കളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ചില കൂട്ടുപ്രതികളെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട്‌ നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയുന്നതിന് വേണ്ടിയാണ് കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യലിനു ഹാജരാകാമെന്നും ശിവകുമാര്‍ വ്യക്‌തമാക്കി. ശിവകുമാറിന്റെ ആരോഗ്യനില മോശമാണെന്നും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക്‌ മനു സിങ്‌വി ആവശ്യപ്പെട്ടു.

ശിവകുമാറിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ആരോഗ്യനില പരിശോധിച്ചേ മതിയാവൂ എന്നും ജഡ്ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.