play-sharp-fill
ആർപ്പൂക്കരയിലെ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം: ഏഴു പ്രതികൾ പിടിയിൽ; പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികൾ; നീണ്ടൂരിൽ ബാർ ഉടമയുടെ ബി.എം.ഡബ്യു കാറും തല്ലിത്തകർത്തു

ആർപ്പൂക്കരയിലെ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം: ഏഴു പ്രതികൾ പിടിയിൽ; പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികൾ; നീണ്ടൂരിൽ ബാർ ഉടമയുടെ ബി.എം.ഡബ്യു കാറും തല്ലിത്തകർത്തു

സ്വന്തം ലേഖകൻ
കോട്ടയം: ആർപ്പൂക്കരയിൽ കഞ്ചാവ് മാഫിയ സംഘം അഴിഞ്ഞാട്ടം നടത്തി വീടുകൾ അടിച്ചു തകർക്കുകയും രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഏഴു പ്രതികളെ പൊലീസ് പിടികൂടി. 18 നും 22 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാം. ചെറുപ്പം മുതൽ തന്നെ നിരവധി കേസുകളിൽ പ്രതികളായവരാണ് എല്ലാവരുമെന്നു പൊലീസ് പറഞ്ഞു. രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, രണ്ടു വീട് അടിച്ചു തകർക്കുകയും, നീണ്ടൂരിലെ ബാർ ഉടമയുടെ ബി.എം.ഡബ്യു കാർ അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് ഏഴു പ്രതികളെ പിടികൂടിയത്.
ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ (20), പിഷാരത്ത് സൂര്യദത്തൻ (18), സഹോദരൻ വിഷ്ണുദത്തൻ (19), ആർപ്പൂക്കര തൊണ്ണംകുഴി വട്ടപ്പറമ്പിൽ ആൽബിൻ ബാബു (19), പെരുന്നംകോട്ട് ലിറ്റോ മാത്യു (20), പാലത്തൂർ വീട്ടിൽ ടോണി (20), തെള്ളകം തടത്തിൽപ്പറമ്പിൽ നാദിർഷാ നിഷാദ് (19) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തത്.
അഞ്ചു മാസം മുൻപ് സൂര്യദത്തനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് സംഘത്തിന് കഞ്ചാവ് കച്ചവടത്തെപ്പറ്റി വിവരം നൽകിയത് ആർപ്പൂക്കര സ്വദേശിയായ ഷിജിൻ ബാബുവാണ് എന്ന് ആരോപിച്ച് അക്രമി സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിജിനെയും സുഹൃത്ത് ടോമിയെും വെട്ടുകയും, തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. തുടർന്ന് ഇരുവരുടെയും വീടുകൾ തിരുവോണത്തലേന്ന് രാത്രിയിലും, പിറ്റേന്ന് രാത്രിയിലുമായി അക്രമി സംഘം അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു.
അക്രമി സംഘം പ്രദേശത്ത് അഴിഞ്ഞാടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി ഏഴു പ്രതികളെയും വിവിധ സ്ഥലങ്ങളിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഏഴു പ്രതികളും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽക്കേസുകളിൽ പ്രതികളാണ്. കഞ്ചാവ് മാഫിയ ഇടപാടുകളും ലഹരിമരുന്നു കച്ചവടവും ഇവർക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.