play-sharp-fill
ഭർത്താവ് സർക്കസിന് കൊണ്ടു പോയില്ല: മാങ്ങാനത്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

ഭർത്താവ് സർക്കസിന് കൊണ്ടു പോയില്ല: മാങ്ങാനത്ത് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

ക്രൈം ഡെസ്‌ക്
കോട്ടയം: തന്നെ കൊണ്ടു പോകാതെ ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയ വിഷമത്തിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. മാങ്ങാനം പെഴുവേലിക്കുന്നിന് സമീപം വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശി നിയാസുദീൻ ലസ്‌കറിന്റെ ഭാര്യ തസ്ളീമ ബീഗം ലസ്‌കർ (18) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ മാങ്ങാനത്തെ വീടിനുള്ളിലായിരുന്നു സംഭവം. പെയിന്റിംങ് തൊഴിലാളിയാണ് നിയാസുദീൻ. ഒരു വർഷം മുൻപാണ് ഇയാൾ ഭാര്യയ്‌ക്കൊപ്പം മാങ്ങാനത്തെ വീട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസം നാഗമ്പടത്ത് നടക്കുന്ന സർക്കസ കാണാൻ ഭാര്യയെ കൊണ്ടു പോകാമെന്ന് നിയാസുദീൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകിട്ട് ഫോണിൽ ഭാര്യയെ വിളിച്ച നിയാസുദീൻ താൻ സർക്കസ് കാണാൻ പോയതായി അറിയിച്ചു. തിരികെ വീട്ടിൽ എത്തിയ നിയാസുദീൻ ഫോണിൽ വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തില്ല. വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ഭയന്നു പോയ നിയാസുദീൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറി. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.