കൊല്ലാട് പഞ്ചായത്താവുമോ..? ജില്ലയിലെ പഞ്ചായത്തുകളുടെ എണ്ണം കൂടുമോ..? യുഡിഎഫ് സർക്കാരിന്റെ പഞ്ചായത്ത് വിഭജനം വീണ്ടും പൊടിതട്ടിയെടുത്ത് പിണറായി സർക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് വിഭജിച്ച് കൊല്ലാട് പഞ്ചായത്ത് രൂപീകരിക്കുന്നതിന് അടക്കം കഴിഞ്ഞ യുഡിഎഫ് സർക്കാർ രൂപം നൽകിയ പഞ്ചായത്ത് വിഭജനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും പഞ്ചായത്ത് വിഭജനം എന്ന ആശയവുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ കോട്ടയത്ത് ആറു പഞ്ചായത്തുകൾ വിഭജിച്ച് പുതിയ മൂന്ന് പഞ്ചായത്തുകൾ കൂടി രൂപീകരിക്കുന്നതിനാണ് ഇപ്പോൾ വഴി തെളിയുന്നത്.
തദ്ദേശസ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുക. അതേ സമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോർപ്പറേഷനുകളും ഇപ്പോൾ രൂപവത്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീർണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുക. നാല് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം.
ഇതു സംബന്ധിച്ച് മന്ത്രിസഭ യോഗം ചർച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയർത്താൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. യുഡിഎഫ് സർക്കാരും പഞ്ചായത്തുകളെ വിഭജിക്കാനുള്ള ശ്രമം നടത്തിയിരുന്നു.