
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്ക് നേരെ ചീമുട്ടയേറ്. ഇന്ന് കൃഷ്ണനഗറിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എംപിയുടെ ആരോപണം. എക്സില്‍ ഇതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍ പോലീസ് നോക്കി നില്‍ക്കെയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും എംപി പോസ്റ്റില്‍ ആരോപിക്കുന്നു.
‘ബിജെപി ഗുണ്ടകളാണ് തന്നെ ആക്രമിക്കുന്നത്, കഴിഞ്ഞ ഒരു മണിക്കൂറായി താന്‍ ഇവിടെ തുടരുകയാണ്, ഡിജിപിയെ അടക്കം എല്ലാവരെയും വിളിച്ചു, സിആര്‍പിഎഫും ഇവിടെ ഉണ്ട്, ആരും പ്രതികരിക്കുന്നില്ല, എന്താണ് ഇവിടെ നടക്കുന്നത് ‘ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. ഇത് തന്റെ ഓഫീസാണെന്നും എന്ത് ഉണ്ടായാലും താന്‍ ഇവിടെ നിന്ന് പിന്മാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആതേസമയം മഹുവ മൊയ്ത്രയുടെ ആരോപണത്തെ തള്ളി ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ സമിക് ഭട്ടാചാര്യ രംഗത്ത് വന്നു. മുട്ട എറിയുന്നത് ബിജെപിയുടെ സംസ്കാരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






