
ചെന്നൈ : യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച 32കാരിക്ക് ദാരുണാന്ത്യം. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിയായ ശശികല എന്ന യുവതിയാണ് രണ്ടാമത്തെ പ്രസവത്തിനിടയിൽ മരിച്ചത്. കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. സ്വാഭാവിക പ്രസവം വേണമെന്ന കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് വീട്ടിൽ പ്രസവിക്കാനുള്ള തീരുമാനത്തിലെത്തിയത്.
യുവതിയുടെ ആദ്യ പ്രസവം സിസേറിയൻ ആയിരുന്നുവെന്നും അതിനുശേഷം അവർക്ക് അലോപ്പതി മരുന്നുകളോട് കടുത്ത വിമുഖത തോന്നിയിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ പ്രസവത്തിൽ ശസ്ത്രക്രിയ ഒഴിവാക്കാനും സ്വാഭാവികമായ രീതിയിൽ പ്രസവിക്കാനും വേണ്ടിയാണ് കുടുംബം യൂട്യൂബിലെ വിവരങ്ങളെ ആശ്രയിച്ച് വീട്ടിൽ പ്രസവം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
ജൂൺ 24ന് വീട്ടിൽ വച്ച് പ്രസവം നടന്നതിന് പിന്നാലെ ശശികലയ്ക്ക് അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പെരുന്തുറൈയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. സംഭവത്തിൽ ഭർത്താവ് കൊളന്തസാമിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






