Spread the love

ഡൽഹി: പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

video
play-sharp-fill

പാകിസ്ഥാൻ മറ്റുള്ളവർക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പകരം, സ്വന്തം കാര്യം നോക്കണമെന്നും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീർ ജയ്സ്വാള്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രണ്‍ദീർ ജയ്സ്വാള്‍.

 

“കറാച്ചിയിലുണ്ടായ സമീപകാല സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പാകിസ്ഥാൻ്റെ റിപ്പോർട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവയെ പൂർണമായും തള്ളിക്കളയുന്നു. മറ്റുള്ളവർക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പകരം, പാകിസ്ഥാൻ സ്വന്തം കാര്യം നോക്കുകയും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ വിശ്വസനീയമായ നടപടിയെടുക്കുകയും ഭീകരവാദത്തെ ഭരണകൂട നയത്തിൻ്റെ ആയുധമാക്കുന്ന ശീലം അവസാനിപ്പിക്കുകയും ചെയ്യുന്നതാകും കൂടുതല്‍ നല്ലത്”- രണ്‍ദീർ ജയ്സ്വാള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇക്കഴിഞ്ഞ ദിവസം കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാൻ്റെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിൻ്റെ മൂന്നു സൈനികർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ശനിയാഴ്ച രാത്രി കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്സിൻ്റെ പ്രവിശ്യാ ആസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കളുമായി വാഹനം ഇരച്ചുകയറിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേന മൂന്നു അക്രമികളെ കൊലപ്പെടുത്തിയതായും ഒരാളെ പരിക്കുകളോടെ പിടികൂടിയതായും സൈന്യം അറിയിച്ചു. പിടിയിലായ ആള്‍ അഫ്ഗാനിസ്ഥാൻ പൗരനാണെന്നും സൈന്യം അറിയിച്ചു.

 

ശനിയാഴ്ച കറാച്ചിയില്‍ നടത്തിയ സന്ദ‍ർശനത്തിലാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പാകിസ്ഥാനിലെ സമാധാനവും സ്ഥിരതയും തകർക്കാൻ ഇന്ത്യ പ്രോക്സികളെ ഉപയോഗിക്കുന്നു എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം.