കല്യാണം കഴിക്കാൻ അമ്പലത്തിനു മുന്നിലെത്തിയ യുവതി അപ്രത്യക്ഷയായി: കഞ്ചാവുകാരനെ കെട്ടാനാവില്ലെന്ന് പറഞ്ഞു യുവതി നാട് വിട്ടതെന്ന് സൂചന; നെട്ടോട്ടമോടി ഏറ്റുമാനൂർ പൊലീസ്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: വരൻ കഞ്ചാവ് മാഫിയ സംഘമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിന് തയ്യാറെടുത്ത് എത്തിയ നവ വധു മുങ്ങി. വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്ന് ബന്ധുക്കളെ അറിയിച്ച ശേഷമാണ് വിവാഹ സംഘം താമസിച്ച ലോഡ്ജിൽ നിന്നും യുവതി മുങ്ങിയത്. രാത്രി വൈകിയും യുവതിയെ കണ്ടെത്താനാവാതെ വന്നതോടെ പൊലീസും, ബന്ധുക്കളും വട്ടം കറങ്ങുകയാണ്. ഇടുക്കി കാന്തല്ലൂർ സ്വദേശിയായ സുധയാ(36)ണ് നവവരൻ കഞ്ചാവ് മാഫിയ സംഘമാണെന്ന വിവരത്തെ തുടർന്ന് നാട് വിട്ട് പോയത്.
ഏറ്റുമാനൂർ ഐ.ടി.ഐയ്ക്ക് സമീപം താമസിക്കുന്ന യുവാവുമായി സുധയുടെ വിവാഹം കഴിഞ്ഞ ദിവസം നിശചയിച്ചിരുന്നു. ശനിയാഴ്ച ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വ്്ച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സുധയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് എതിർവശത്തെ ലോഡ്ജിൽ മുറി എടുക്കുകയായിരുന്നു. തുടർന്ന് മുറിയിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വധുവിനെ കാണാതായതായി സന്ദേശം ലഭിച്ചത്.
യുവാവ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും, ഇയാൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും സുധയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സുധ ബന്ധുക്കളുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹത്തിൽ നിന്നും പിന്മാറാൻ സുധയുടെ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് സുധ വിവാഹ വേദിയ്ക്കരികിൽ നിന്നും ഒളിച്ചോടിയതെന്നാണ് ലഭിക്കുന്ന സൂചന.