play-sharp-fill
എസ്.എഫ്.ഐ കളിച്ച് പൊലീസിൽ കയറിയവർക്ക് വീണ്ടും പരീക്ഷ: ഡമ്മി പരീക്ഷ നടത്തുക ക്രൈം ബ്രാഞ്ച്; ഡമ്മിപരീക്ഷയിൽ ഒരു മാർക്കെങ്കിലും കുറഞ്ഞാൽ എസ്.എഫ്.ഐക്കാർ വീണ്ടും കുടുങ്ങും

എസ്.എഫ്.ഐ കളിച്ച് പൊലീസിൽ കയറിയവർക്ക് വീണ്ടും പരീക്ഷ: ഡമ്മി പരീക്ഷ നടത്തുക ക്രൈം ബ്രാഞ്ച്; ഡമ്മിപരീക്ഷയിൽ ഒരു മാർക്കെങ്കിലും കുറഞ്ഞാൽ എസ്.എഫ്.ഐക്കാർ വീണ്ടും കുടുങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്.എഫ്.ഐ കളിച്ച് നടക്കുകയും, ഒപ്പം പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ആളുകളെ മണ്ടന്മാരാക്കി പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഇടം നേടുകയും ചെയ്ത ശിവരഞ്ജിത്തിനും, നസീമിനും വീണ്ടും പൊലീസ് പരീക്ഷ. ഇരുവരുടെയും മാർക്കും മറ്റു വിശദാംശങ്ങളും പരീക്ഷിക്കുന്നതിനു വേണ്ടിയാണ് പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികൾക്കു വേണ്ടി വീണ്ടും പരീക്ഷ നടത്തുന്നത്.
കേസിൽ പ്രതികളായ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തിനെയും 21-ാം റാങ്കുകാരൻ നസീമിനെയും കൊണ്ട് അതേ ചോദ്യപേപ്പർ ഉപയോഗിച്ചാകും പരീക്ഷ എഴുതിക്കുക. പരീക്ഷ നടത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കുറ്റം തെളിയിക്കാൻ ഇത്തരത്തിൽ പരീക്ഷ നടത്തുന്ന ആദ്യ സംഭവമാകുകയാണ് പരീക്ഷാ തട്ടിപ്പ് കേസ്. കേസിലെ മറ്റൊരു പ്രതിയായ രണ്ടാം റാങ്കുകാരൻ പ്രണവ് ഒളിവിലാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയതോടെയാണ് പിഎസ്സി പരീക്ഷയിൽ ക്രമക്കേട് നടന്നതായി സംശയം ഉയർന്നത്. കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കിട്ടിയിരുന്നു. തുടർന്ന് പ്രാഥമികാന്വേഷണം നടത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിൽ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21 ാം റാങ്കുമായിരുന്നു ലഭിച്ചത്. ഒരേ ദിവസം നടന്ന 7 ബറ്റാലിയൻ പരീക്ഷകളിലായി പതിനായിരത്തോളം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പ്രതികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരൻ ഗോകുൽ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുൽ പറഞ്ഞിരുന്നു.
അന്വേഷണത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ പിഎസ്സിയുടെ നടപടികൾ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ക്രമക്കേട് കണ്ടെത്തിയതും പ്രതികൾ ഉപയോഗിച്ച മൊബൈലിന്റെ വിശദാംശങ്ങൾ പിഎസ്സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഒളിവിൽ പോയതും തെളിവുകൾ നശിപ്പിക്കപ്പെടാൻ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
നിലവിലുള്ള പ്രതികളെ കൂടാതെ മറ്റാരെങ്കിലും അനധികൃതമായി റാങ്ക് പട്ടികയിൽ ഇടം നേടിയോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിക്കാനും കോൾ രേഖകൾ വിശദമായി പരിശോധിച്ച് അന്വേഷണം നടത്താനുമാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും അന്വേഷണം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക. ഗോകുൽ പ്രതികൾക്ക് ഉത്തരം അയച്ച നൽകിയ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി കസ്റ്റഡിയിലുള്ള ഗോകുലുമായി ക്രൈംബ്രാഞ്ച് അന്വേഷണം സംഘം ഗോകുലിന്റെ സ്വദേശമായ കല്ലറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. തട്ടിപ്പിന്റെ വ്യാപ്തി വലുതാകാൻ ഉള്ള സാധ്യത തള്ളാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
അതിനിടെ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും കേന്ദ്ര ഏജൻസിയുടെ തന്നെ അന്വേഷണം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ശ്രീകുമാർ, മലപ്പുറം സ്വദേശി ഇപി സുബിൻ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതാണെന്നും കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് വിടേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.
പരീക്ഷയെഴുതിയ ശിവരഞ്ജിത്, പ്രണവ്, നസിം, പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്എപി ക്യാംപിലെ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണു കേസിലെ പ്രതികൾ.