
ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ ഗുണ്ടായിസം: കാപ്പാകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: സ്വകാര്യ ബസുകളുടെ സമയത്തെച്ചൊല്ലി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ജീവനക്കാരെ ആക്രമിക്കുകയും, അസഭ്യം പറയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് ഗുണ്ടകൾ അറസ്റ്റിൽ. കാപ്പാക്കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി ഗുണ്ടായിസം നടത്തിയ യുവാവ് അടക്കം രണ്ടു പേരാണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. ഗുണ്ടാ ആക്ട് പ്രകാരം നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നതിന് ശേഷം ജാമ്യത്തിലിറങ്ങിയ ഏറ്റുമാനൂർ വെട്ടിമുകൾ കല്ലുവെട്ട് കുഴിയിൽ വീട്ടിൽ ജസ്റ്റിൻ കെ.സണ്ണി (25), അതിരമ്പുഴ മാന്നാനം നാൽപ്പാത്തിമല തെക്കേപ്പുറം വീട്ടിൽ ഷാനു (27) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ പ്രതികൾ നടത്തിയ ഗുണ്ടായിസത്തിന്റെ വീഡിയോ അടക്കം തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഏറ്റുമാനൂർ പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ടതും കേസ് എടുത്തതും. തുടർന്ന് വീഡിയോ കണ്ട് രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞ പൊലീസ് ഉടൻ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു ബസ് തടഞ്ഞു നിർത്തി രണ്ടു യുവാക്കളുടെ ഗുണ്ടായിസം. സ്വകാര്യ ബസുകളുടെ സമയം ക്രമീകരിക്കാൻ ബസ് ഉടമകൾ ഇപ്പോൾ ഗുണ്ടകളെ നിയോഗിക്കാറുണ്ട്. ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ഗുണ്ടകളാണ് പ്രതികൾ എന്ന് സംശയിക്കുന്നു. ഇത്തരത്തിലുള്ള സംഘം സ്ഥലത്ത് എത്തിയ ശേഷം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെയും, ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബസ് ഡ്രൈവറെ പ്രതികൾ മർദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണമായിരുന്നു.
ബസ് സ്റ്റാൻഡിലെ ഗുണ്ടായിസം കണ്ടു നിന്ന യാത്രക്കാരിൽ ചിലരാണ് വീഡിയോ പകർത്തി തേർഡ് ഐ ന്യൂസ് ലൈവിന് അയച്ചു നൽകിയത്. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചതും രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തതും. ഇരുവും സ്വകാര്യ ബസ് ഉടമകൾക്കു വേണ്ടി സമയം ക്രമീകരിക്കുന്നതിനും, അടിപിടി അക്രമ കേസുകളിൽ ഇടപെടുന്ന ആളുമാണെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇുവരെയും കോടതിയിൽ ഹാജരാക്കും.