
കൊല്ലം: ഫുഡ് പ്രോസസിംഗ് കമ്പനിക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എഞ്ചിനീയറെ വിജിലൻസ് സംഘം കൈയോടെ പിടികൂടി.
കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. ബൈജു എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുമ്മല്ലൂർ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ഫുഡ് പ്രോസസിംഗ് കമ്പനിയുടെ ഉടമസ്ഥനാണ് വൈദ്യുതി കണക്ഷനായി കെ.എസ്.ഇ.ബി.യെ സമീപിച്ചത്. ആറുമാസം മുമ്പ് അപേക്ഷ നല്‍കിയിട്ടും പലവിധ കാരണങ്ങള്‍ പറഞ്ഞ് സബ് എഞ്ചിനീയറായ നസീർ കണക്ഷൻ നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കണക്ഷൻ വേഗത്തില്‍ അനുവദിക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്ഥാപന ഉടമയോട് ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കവയ്യാതെ ഉടമ കൊല്ലം വിജിലൻസ് യൂണിറ്റില്‍ പരാതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു.
പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ് സംഘം ഒളിഞ്ഞിരുന്ന് കെണിയൊരുക്കുകയായിരുന്നു. വിജിലൻസ് നല്‍കിയ നിർദ്ദേശപ്രകാരം പരാതിക്കാരൻ സബ് എഞ്ചിനീയർക്ക് പണം കൈമാറുന്നതിനിടെ ഒളിഞ്ഞിരുന്ന സംഘം തന്ത്രപൂർവ്വം ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയുടെ പക്കല്‍ നിന്നും കൈക്കൂലിപ്പണവും വിജിലൻസ് സംഘം കണ്ടെടുത്തു. അഴിമതിക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും, സമാനമായ രീതിയില്‍ സർക്കാർ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുണ്ടെങ്കില്‍ പൊതുജനങ്ങള്‍ വിജിലൻസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.







