
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തി.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുന്ന തരത്തില്‍ പുതിയ കരാർ രൂപീകരിക്കണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും, വിദഗ്ധ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള കടുത്ത വിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ സമിതിയില്‍ ആരുമില്ലാത്ത സാഹചര്യം ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മുല്ലപ്പെരിയാർ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തമിഴ്നാടിന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്ന് സി. ജോസഫ് വിജയിയും നിയമസഭയില്‍ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ അനുമതിയുണ്ടായിട്ടും ജലനിരപ്പ് 152 അടിയായി ഉയർത്താൻ കേരളം അനുവദിക്കുന്നില്ലെന്നും, പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ തടയുമെന്നും തമിഴ്നാട് തങ്ങളുടെ നയപ്രഖ്യാപനത്തില്‍ കടുപ്പിച്ചു പറഞ്ഞു.
നിലവിലുള്ള അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലനിരപ്പ് ഉയർത്താനാണ് തങ്ങളുടെ തീരുമാനമെന്നും തമിഴ്നാട് സർക്കാർ ആവർത്തിക്കുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സി. ജോസഫ് വിജയിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തമിഴ്നാടിന്റെ ഈ നയപ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.







