
തിരുവനന്തപുരം: ഡോ. കെ.ജെ. റീനയ്ക്കെതിരേ ദുരന്ത നിവാരണ ഫണ്ട് തിരിമറി നടത്തിയെന്ന റിപ്പോർട്ടില്‍ വിശദ അന്വേഷണത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്.
2018 മുതല്‍ 2021 വരെ രണ്ടു ഘട്ടമായി തൃശൂർ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ.ജെ. റീന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന റിപ്പോർട്ടിലാണ് തുടർ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് 2020 ഫെബ്രുവരി നാലിനും അതേ വർഷം മേയ് അഞ്ചിനും ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് അനുവദിച്ച തുകയിലാണ് ഡിഎംഒയായിരുന്ന ഡോ. റീന വകമാറ്റി ചെലവഴിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫണ്ടില്‍നിന്ന് അനുവദിച്ച തുകയില്‍ വകമാറ്റിയെന്നു കണ്ടെത്തിയ തുക സർക്കാർ സാധൂകരിക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വകുപ്പുതലത്തില്‍ വിശദ പരിശോധന വേണമെന്നും തുക ഡിഎംഒയില്‍ ഈടാക്കാൻ തുടർ നടപടി സ്വീകരിക്കണമെന്നും പരിശോധന നടത്തിയ ധനകാര്യ പരിശോധന വിഭാഗം അഡീഷണല്‍ സെക്രട്ടറി സർക്കാരിനു റിപ്പോർട്ട് നല്‍കിയിരുന്നു.
അതേസമയം, സർക്കാരുമായി ഇടഞ്ഞു നില്ക്കുന്ന ഡോ. റീനയെ കുടുക്കാനാണ് പുതിയ അന്വേഷണം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
കെ. മുരളീധരൻ ആരോഗ്യമന്ത്രിയായ ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു ഡോ. റീനയെ നീക്കിയിരുന്നു. ഇതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ഡോ. റീന അനുകൂല വിധി സന്പാദിച്ചു. തുടർന്ന് ഡിഎച്ച്എസ് കസേരയ്ക്കായി ഡോ. റീനയും പിന്നീട് സർക്കാർ നിയമിച്ച ഡോ. വി. മീനാക്ഷിയും തമ്മിലുള്ള കസേര തർക്കവും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കണ്ടെത്തലുകള്‍ ഇങ്ങനെ…
ആദ്യഘട്ടത്തില്‍ ക്വാറന്റൈനിലെത്തുന്ന കോവിഡ് രോഗബാധിതർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിനായി ജില്ലാ കളക്ടർ അനുവദിച്ച ഫണ്ട് ജീവനക്കാരുടെ ഭക്ഷണത്തിന് അടക്കം വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തിയത്.
കൂടാതെ മറ്റു ചില പ്രവൃത്തികള്‍ക്കായും ഫണ്ട് വകമാറ്റിയതായി പരിശോധനാ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2025 മേയ് മാസമാണ് ധനകാര്യ പരിശോധനാ വിഭാഗം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് റിപ്പോർട്ട് നല്‍കിയത്.







