play-sharp-fill
തളർന്നു കിടക്കുന്ന ഭർത്താവിന് ഒരുനേരത്തെയേലും ഭക്ഷണം നൽകണം ; ഈ ഓണത്തിനെങ്കിലും പെൻഷൻ തരുമോ ? അറുപത്തിരണ്ടുകാരി മുട്ടാത്ത വാതിലുകളില്ല

തളർന്നു കിടക്കുന്ന ഭർത്താവിന് ഒരുനേരത്തെയേലും ഭക്ഷണം നൽകണം ; ഈ ഓണത്തിനെങ്കിലും പെൻഷൻ തരുമോ ? അറുപത്തിരണ്ടുകാരി മുട്ടാത്ത വാതിലുകളില്ല

സ്വന്തം ലേഖിക

ആലപ്പുഴ: തളർന്നുകിടക്കുന്ന ഭർത്താവിനും കൊച്ചുമകനും വയറുനിറയ്ക്കാൻ ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ലില്ലി.എന്നാൽ ഇത്തവണയും ഒരുരൂപ പോലും പെൻഷനായി ഇതുവരെ വന്നിട്ടില്ല.


ഒരു ഓഫീസിൽ ചെല്ലുമ്പോൾ അടുത്ത ഓഫീസിൽ പോകാൻ പറയും. എഴുത്തും വായനയും അറിയാത്തതിനാൽ കനിവ് കണിക്കണമെന്ന് ഇവർ അപേക്ഷിക്കും. പക്ഷേ, ഈ 62-വയസ്സുകാരിക്ക് മുന്നിൽ ഓഫീസുകൾക്ക് ചെവിയില്ലാത്തപോലെയാണ്. ലില്ലിയുടെ ഫയലുകളാണെങ്കിൽ ഉറക്കത്തിലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവർഷം മുൻപാണ് ആലപ്പുഴ നഗരസഭയിൽ വാർധക്യകാല പെൻഷന് ഇവർ അപേക്ഷനൽകിയത്. കൊമ്മാടി പുതുവൽ കോളനിയിലെ താമസക്കാരിയായ ഇവർ വാർഡ് കൗൺസിലറുടെ സഹായത്തോടെയാണ് വേണ്ടതെല്ലാം ചെയ്തത്.തിടുക്കത്തിൽ ചെയ്തത് ഓണത്തിന് പെൻഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്.എന്നാൽ അന്വേഷിച്ച് ചെന്നപ്പോൾ പെൻഷനില്ലെന്ന അറിയിപ്പുമാത്രം.

വാർധക്യ പെൻഷൻ കിട്ടാൻ താമസിച്ചതുകൊണ്ട് കയർ തൊഴിലാളി പെൻഷനായി കഴിഞ്ഞ ജൂൺ മാസത്തിൽ അപേക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അഞ്ചുമാസം മുൻപ് അപേക്ഷിച്ചവർക്കുവരെ പെൻഷൻ നൽകുന്നുണ്ടെന്നാണ് അധികൃതരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അവിടെയും ലില്ലിക്ക് രക്ഷയുണ്ടായില്ല.

ഭർത്താവ് അപകടത്തിൽ പരിക്കേറ്റ് തളർന്നുകിടക്കുന്നു. ക്ഷയരോഗിയുമാണ്. മകൾ ഉപേക്ഷിച്ചുപോയ കൊച്ചുമകനും ഒപ്പമുണ്ട്. ഭർത്താവിന് ക്ഷയരോഗികൾക്ക് കിട്ടുന്ന ഓണറേറിയമുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. അദ്ദേഹത്തിന് പെൻഷൻ കിട്ടിയാൽത്തന്നെ മരുന്നിനും മറ്റുമായി അദ്ദേഹത്തിന്റെ കാര്യങ്ങൾക്ക് പോലും തികയില്ലെന്ന് ലില്ലി പറഞ്ഞു.അയൽ വീടുകളിൽ വീട്ടുവേല ചെയ്തും പശുവിന് പുല്ലുപറിച്ച് നൽകിയും കിട്ടുന്ന വരുമാനമാണ് ഇവർക്കുണ്ടായിരുന്നത്. അടുത്തിടെ പറമ്പിൽ വീണുപോയതിനാൽ അതും ചെയ്യാനാവുന്നില്ല.ഇനി ഏത് വാതിലുകളിൽ മുട്ടണമെന്നും തനിക്കാര് നീതി തരുമെന്നും ലില്ലി ചോദിക്കുന്നു.