
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലംമാറ്റത്തിനും പ്രമോഷനും കോടികളുടെ കൈക്കൂലി.
ബോര്‍ഡിനു കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്ക് സ്ഥലംമാറ്റത്തിന് വിവിധ രീതിയിലാണ് പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ആരോപണം. ആറന്‍മുളയിലെ ഒരു ജീവനക്കാരിക്ക് മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റത്തിനായി കൈപ്പറ്റിയത് 15 ലക്ഷം രൂപ. യൂണിയന്‍ നേതാക്കള്‍ വഴി ബോര്‍ഡിലെ ഉന്നതര്‍ക്കാണ് ഈ പണം വാങ്ങിയതെന്നാണ് ആരോപണം. ശ്രീകണ്ഠേശ്വരം ക്ഷേത്രം, തിരുവല്ലം ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള സ്ഥലംമാറ്റത്തിന് 15 ലക്ഷം വീതമാണ് കൈക്കൂലി വാങ്ങിയത്.
ഏറ്റുമാനൂര്‍, വള്ളിയങ്കാവ് ക്ഷേത്രങ്ങളിലേക്ക് അഞ്ചു ലക്ഷം രൂപവീതം വാങ്ങി. ഇതിനു പുറമെ കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റത്തിന് ചോദിച്ചത് 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍ സ്ഥലംമാറ്റം ചോദിച്ച ജീവനക്കാരന്‍ ഏഴുലക്ഷം രൂപ നല്‍കി. മൂന്നുലക്ഷം കുറച്ചാണ് നല്‍കിയതെങ്കിലും അവിടേക്ക് ആ ജീവനക്കാരന് സ്ഥലംമാറ്റം അനുവദിച്ചു.
ഇതേ രീതിയിലാണ് സ്ഥാനക്കയറ്റത്തിനായും കൈക്കൂലി വാങ്ങിയതെന്ന് ഭരണ, പ്രതിപക്ഷ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. നേരത്തെ എന്‍. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് സ്വര്‍ണപ്പാളി വിഷയത്തില്‍ മഹസറില്‍ തെറ്റായി വിവരം രേഖപ്പെടുത്തിയ ജീവനക്കാരനെ ഇപ്പോള്‍ എഒ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ്. ഇതിനും കൈക്കൂലി ഇടപാടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിക്കുന്നു. നേരത്തേ ഇതേ ജീവനക്കാരന്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സിലായിരുന്നു ജോലിനോക്കിയിരുന്നത്. ആ സമയത്താണ് രേഖകളില്‍ കൃത്രിമം കാട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോര്‍ഡ് ജീവനക്കാരില്‍ ഏതെങ്കിലും ഒരു ജീവനക്കാരനെതിരെ ഗുരുതരമായ കുറ്റം കണ്ടെത്തിയാല്‍ അയാളെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ നിയമിക്കാന്‍ പാടില്ലെന്നതാണ് ചട്ടം. ഇതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഇതിനു പിന്നില്‍ കൈക്കൂലിയെന്നാണ് യൂണിയന്റെ ആരോപണം. യൂണിയന്‍ നേതാക്കളിലൂടെ പിരിച്ചെടുക്കുന്ന പണം ബോര്‍ഡിലെ ഒരു അംഗത്തിനാണ് നല്‍കിയതെന്നും പ്രസിഡന്റും മറ്റൊരു അംഗവും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിക്കുന്നു. ദേവസ്വം വിജിലന്‍സിനെയും സംസ്ഥാന വിജിലന്‍സിനെയും നോക്കുകുത്തിയാക്കിയാണ് ഇത്തരത്തിലുള്ള കൈക്കൂലി ഇടപാടണെന്നും യൂണിയന്‍ ആരോപിക്കുന്നു.
അതേസമയം സ്വര്‍ണപ്പാളി കേസില്‍ കോടതി ഇടപെടലോടെ അവിടേക്ക് ജോലിക്കു പോകാന്‍ ജീവനക്കാര്‍ക്ക് മടിയാണ്. ശബരിമലയില്‍ സ്വര്‍ണക്കൊള്ളക്കേസ് വിവാദമായതോടെയാണ് അവിടേക്ക് ജോലിക്കു പോകാന്‍ പലരും മടിക്കുന്നത്. ഇതോടെ നിലവില്‍ കോണ്‍ഗ്രസ് സംഘടനയില്‍പ്പെട്ട ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
ഇതിനിടെ മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ ചിലരുടെ സ്ഥലംമാറ്റം പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം രണ്ടുപേര്‍ക്കു വേണ്ടിയാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അവര്‍ക്ക് ചോദിച്ച ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം നല്‍കിയില്ല. ദേവസ്വം മന്ത്രി അറിയാതെയാണ് ഈ ശുപാര്‍ശ നല്‍കിയത്. പേഴ്സണല്‍ സ്റ്റാഫ് ആവശ്യപ്പെട്ടിട്ടും സ്ഥലം മാറ്റം നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രിയെ തെറ്റിധരിപ്പിച്ച് സ്ഥലംമാറ്റത്തില്‍ വന്‍ ക്രമക്കേടാണെന്നും കോണ്‍ഗ്രസ് സംഘടനാ നേതാവിനും ട്രാന്‍സ്ഫര്‍ കിട്ടിയില്ലെന്നു വരുത്തിത്തീര്‍ത്ത് മൊത്തത്തില്‍ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ യൂണിയനിലെ ചിലര്‍ ആരോപിക്കുന്നു.







