
കോലഞ്ചേരി: അടുക്കള ബഡ്ജറ്റിന് തിരിച്ചടിയായി വെളുത്തുള്ളി വില കുതിച്ചുയരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കിലോയ്ക്ക് 180 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിവില ഇപ്പോള്‍ ചില്ലറ വിപണിയില്‍ 280 രൂപയിലെത്തി.
നിലവിലെ സാഹചര്യത്തില്‍ 300 കടക്കുമെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു.
വരവ് കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണം. സംസ്ഥാനത്ത് കാന്തല്ലൂർ, വട്ടവട മേഖലകളിലാണ് വെളുത്തുള്ളിക്കൃഷി വ്യാപകമായുള്ളത്. എന്നാല്‍ ആവശ്യത്തിനുള്ളവ തമിഴ്നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലെ ഉത്പാദന മേഖലകളില്‍ പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതോടെ വിപണിയിലെത്തുന്ന വെളുത്തുള്ളിയുടെ അളവ് ഗണ്യമായി കുറഞ്ഞതായി മൊത്തവ്യാപാരികള്‍ പറയുന്നു.
കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റില്‍ സാധാരണ ദിവസങ്ങളില്‍ പത്ത് ലോഡിലധികം വെളുത്തുള്ളി എത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അത് മൂന്ന് ലോഡായി ചുരുങ്ങിയെന്നാണ് വിവരം.
വില കുതിച്ചുയരുന്നതിനാല്‍ ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണ്. സ്റ്റോക്ക് ചെയ്ത് വയ്ക്കുമ്പോള്‍ തൂക്കക്കുറവ് ഉണ്ടാകുന്നതിനാല്‍ ദിവസേന ആവശ്യത്തിനുമാത്രം വാങ്ങി വില്‍ക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
വിപണിയിലെത്തുന്ന വെളുത്തുള്ളി വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രേഡുകളായി തരംതിരിക്കുന്നു. ഉയർന്ന നിലവാരമുള്ള വെളുത്തുള്ളിക്ക് മൊത്തവിപണിയില്‍ കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ് വില. ഇത് ചില്ലറ വിപണിയിലെത്തുമ്പോള്‍ 280 രൂപയും അതിലധികവും നല്‍കേണ്ടിവരുന്നു.
വരവ് വർദ്ധിക്കാത്തപക്ഷം അടുത്തദിവസങ്ങളിലും വില ഉയരാൻ സാദ്ധ്യതയുണ്ട്. വെളുത്തുള്ളിയുടെ വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ ചെലവുഭാരം വർദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നു.







