
ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് വയനാട് ജില്ല. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. കുട്ടികളുമായി അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദര്‍ശനവും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. ബത്തേരി മാര്‍ ബസേലിയോസ് എയുപി സ്‌കൂള്‍ കിണറിലെ ജല പരിശോധനാ ഫലത്തില്‍ കിണറിലെ വെള്ളം ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് കണ്ടെത്തി. വെള്ളത്തില്‍ നിരവധി ബാക്ടീരിയകളുടെ സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലെ 969 കിണറുകള്‍ ഇന്നലെ ക്ലോറിനേറ്റ് ചെയ്തിരുന്നു.






