play-sharp-fill
മോട്ടോർ വാഹന വകുപ്പ് പണി തുടങ്ങി: കേന്ദ്ര നിയമ പ്രകാരം ആദ്യ പിഴ എലത്തൂരിൽ ബൈക്ക് യാത്രക്കാരന്  ; ഈടാക്കിയത് 8000 രൂപ ..!

മോട്ടോർ വാഹന വകുപ്പ് പണി തുടങ്ങി: കേന്ദ്ര നിയമ പ്രകാരം ആദ്യ പിഴ എലത്തൂരിൽ ബൈക്ക് യാത്രക്കാരന് ; ഈടാക്കിയത് 8000 രൂപ ..!

സ്വന്തം ലേഖകൻ

എലത്തൂര്‍: മോട്ടോർ വാഹന വകുപ്പിന്റെ നിയമകൾ പരിഷ്കരണം വന്നതിന് ശേഷം ഞെട്ടിക്കുന്ന പിഴ ആദ്യം എലത്തൂരിൽ. ലൈസൻസ് കൈവശം വയ്ക്കാതെ വാഹനം അശ്രദ്ധമായി ഓടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് ഫൈൻ ഈടാക്കുന്നത്. 8000 രൂപയാണ് ബൈക്ക് യാത്രക്കാരനായ യുവാവിൽ നിന്നും ഈടാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച പാവങ്ങാട് ജങ്‌ഷന് സമീപം പട്രോളിങ് നടക്കുമ്പോള്‍ ബൈക്ക് യാത്രികനായ ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അസ്‌ലമില്‍ ലൈസന്‍സില്ലാതെയും അശ്രദ്ധമായും വന്നത്.തുടര്‍ന്ന് ലൈസന്‍സ് കൈവശം വെക്കാത്തതിന് 5000 രൂപയും അശ്രദ്ധമായി ബൈക്കോടിച്ചതിന് 3000 രൂപയുമാണ് പിഴയടപ്പിച്ചത്. പുതിയ മോട്ടോര്‍വാഹന നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇതാദ്യമായാണ് ഇത്ര വലിയ തുക ഗതാഗത നിയമലംഘനത്തിന് ഈടാക്കുന്നത്.
ഇതിനിടെ , ആഴ്ച പിഴ ഈടാക്കുന്നതില്‍ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണ് പൊലീസിന്റെയും മോട്ടര്‍വാഹന വകുപ്പിന്റെയും തീരുമാനം. ബോധവല്‍ക്കരണത്തിനാണു മുന്‍തൂക്കം. അതേ സമയം വാഹനപരിശോധന സമയത്ത് ലൈസന്‍സിന്റെയും മറ്റു രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പ് പോലീസിന് കാണിച്ചാല്‍ മതിയാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍‌ 2000 രൂപയാണ് ഇപ്പോള്‍ പിഴ. ലൈസന്‍സ് ഇല്ലെങ്കില്‍ 5000 രൂപയും ഇന്‍ഷുറന്‍സ് കരുതാതിരുന്നാല്‍ 2000 രൂപയും നല്‍കണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ‘ഡിജിലോക്കറില്‍’ ഇവ കാട്ടിയാല്‍ മതി. രേഖകളുടെ ഫോട്ടോ ഫോണില്‍ ഉണ്ടെങ്കില്‍ അതും കാണിക്കാം. എന്നാല്‍, ഇവയുടെ ആധികാരികത സംബന്ധിച്ചു സംശയം ഉന്നയിച്ചാല്‍ ഒറിജിനല്‍ കാട്ടാന്‍ വാഹനമോടിക്കുന്നയാള്‍ ബാധ്യസ്ഥനാണ്. ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് രേഖ, നികുതി അടച്ച രസീത്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വാഹനത്തില്‍ കരുതേണ്ടത്. ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ‘ഡിജിലോക്കര്‍’ സേവനവും ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ, ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.