Spread the love

ഡല്‍ഹി: കേരളത്തിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയില്‍വേ.

video
play-sharp-fill

ദക്ഷിണ റെയില്‍വേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മാരാരിക്കുളം മുതല്‍ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയില്‍വേയുടെ പ്രത്യേക വികസന പദ്ധതികളുടെ ഭാഗമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.

എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറില്‍ നിലവില്‍ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം – ആലപ്പുഴ സെക്ഷൻ. ഈ പാതയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂർത്തിയാവുകയോ നിലവില്‍ പുരോഗമിക്കുകയോ ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകള്‍ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്.

യാത്രാ ട്രെയിനുകള്‍ക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടണ്‍ ചരക്കുനീക്കം സുഗമമാക്കാനും ഈ പാതയിലൂടെ സാധിക്കും. കൂടുതല്‍ യാത്രക്കാരെയും ചരക്കുനീക്കത്തെയും ആകർഷിക്കുന്നതിലൂടെ റെയില്‍വേയ്ക്ക് പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കാനും സമയക്രമം പാലിക്കാനും യാത്ര കൂടുതല്‍ വേഗത്തിലാക്കാനും പുതിയ പാത സഹായിക്കും. കൂടാതെ, ഈ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ വലിയൊരു യാത്രാവിപ്ലവത്തിനാണ് പാത സാക്ഷ്യം വഹിക്കാൻ പോകുന്നത്.