play-sharp-fill
പാലായിൽ യുഡിഎഫിന് ജോസഫ് വക എട്ടിന്റെ പണി: ജോസ് ടോമിന് ചിഹ്നവുമില്ല പാർട്ടിയുമില്ല: കേരള കോൺഗ്രസ് സ്ഥാർത്ഥിയ്ക്ക് പകരം പാലായിൽ ഇറങ്ങുക യുഡിഎഫ് സ്വതന്ത്രൻ

പാലായിൽ യുഡിഎഫിന് ജോസഫ് വക എട്ടിന്റെ പണി: ജോസ് ടോമിന് ചിഹ്നവുമില്ല പാർട്ടിയുമില്ല: കേരള കോൺഗ്രസ് സ്ഥാർത്ഥിയ്ക്ക് പകരം പാലായിൽ ഇറങ്ങുക യുഡിഎഫ് സ്വതന്ത്രൻ

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ വമ്പൻ വിജയവുമായി പാലാ ഉപതിരഞ്ഞെടുപ്പിന് വണ്ടി കയറിയ യു ഡി എഫിനും  കേരള കോൺഗ്രസിനും കിട്ടിയത് എട്ടിന്റെ പണി. മാണിസാറിന്റെ പിൻതുടർച്ച ഉറപ്പാക്കാൻ ഇറങ്ങിയ കേരള കോൺഗ്രസിന് മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമില്ല ചിഹ്നവും ഇല്ല. യു ഡി എഫ് സ്ഥന്ത്രനായി വേണം പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് മത്സരിക്കാൻ. രണ്ടില ചിഹ്നം അനുവദിക്കില്ലെന്നും , നാമനിർദേശ പത്രികയിൽ ഒപ്പിടില്ലെന്നും കേരള കോൺഗ്രസ് വർക്കിംങ്ങ് ചെയർമാൻ നിലപാട് എടുത്തതോടെയാണ് ഇത്തവണ ജോസ് കെ മാണി വിഭാഗം വെട്ടിലായത്.
കേരളാ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ മുറുകുന്ന ഘട്ടത്തില്‍ പി ജെ ജോസഫ് കത്തു നല്‍കാതെ ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാകില്ല. ചിഹ്നത്തിനായി കത്തു നല്‍കേണ്ടത് വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ പാലായിലെ സ്ഥാനാർത്ഥി ജോസ് ടോം തന്നെ തനിക്ക് രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇത് പിജെ ജോസഫിനെ കൂടുതൽ അരിശം പിടിപ്പിച്ചു. ഈ വിഷയത്തില്‍ അനുരഞ്ജന വഴി ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചിഹ്നം അനുവദിക്കാനുള്ള സാധ്യ ടോമിന് പൂർണമായും മങ്ങി. രണ്ടില ലഭിക്കാതെ വരികയും , ജോസഫ് നാമനിർദേശ പത്രികയിൽ ഒപ്പിടാതെ ഇരിക്കുകയും ചെയ്താൽ പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ടാകില്ല. ജോസ് ടോം മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും.


പാലായിലെ ചിഹ്നം കെ.എം. മാണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഈ സാഹചര്യത്തിലാണ്. സഹതാപ തരംഗം മുതലെടുക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേലിനെതിരേ പി.ജെ. ജോസഫ് നടപടിയെടുത്തിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ജോസ് ടോമിനെ അച്ചടക്കലംഘനത്തിനാണ് പുറത്താക്കിയത്. അച്ചടക്കനടപടി നേരിട്ട വ്യക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ചെയര്‍മാനോ ചുമതല വഹിക്കുന്ന വ്യക്തിക്കോ കത്ത് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയര്‍മാന് ഒറ്റയ്ക്ക് തുടര്‍നടപടി സ്വീകരിക്കാനാവില്ല. അതിന് സ്റ്റിയറിങ് കമ്മിറ്റി ചേരണം. മൂന്നുദിവസം ഇടവേള നല്‍കി നോട്ടീസ് കൊടുക്കണം. ഇതിനൊന്നും ഇനി സമയമില്ല.  പാലായില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫ്. തീരുമാനം അനുസരിക്കുന്ന രീതി ഇക്കുറിയും പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം പാലായിലെ ഉടക്കിന്റെ പേരില്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരിക്കുമ്പോള്‍ ജോസ് കെ മാണി വിഭാഗം ശരിക്കും ആശങ്കപ്പെടേണ്ട ഘട്ടമുണ്ട്. ചരിത്രത്തില്‍ മുമ്പ് മാണി വിഭാഗത്തിന്റെ ചിഹ്നമായ കുതിരയെ ജോസഫ് കൊണ്ടുപോയത് ആവര്‍ത്തിക്കപ്പെടുമോ എന്നതാണ് ആശങ്ക. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്ന രണ്ടില ചിഹ്നം പാലായില്‍ കണ്ടില്ലെങ്കില്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് ചിഹ്നം മരവിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. 1987-ലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ഏറെ സമാനതകളുണ്ടന്നതാണ് പ്രത്യേകത.

കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം 1965-ല്‍ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചതു മുതല്‍ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതല്‍ പാര്‍ട്ടിയില്‍ അരങ്ങേറിയ ലയന, പിളര്‍പ്പ് നാടകങ്ങളുടെ അന്ത്യത്തിലായിരുന്നു.
1982-ല്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കെ. കരുണാകരന്‍ രൂപംനല്‍കിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാര്‍ട്ടികളായി മുന്നണിയില്‍ ഭരണത്തില്‍ പങ്കാളിയായി. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങള്‍ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു.

എന്നാല്‍, ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ഇരുവിഭാഗവും ഒന്നായെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരംകൂടി കേരള കോണ്‍ഗ്രസിനു നല്‍കിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു. ജോസഫ് ഗ്രൂപ്പില്‍പ്പെട്ടവര്‍ ആനച്ചിഹ്നത്തില്‍ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച്‌ വിജയിച്ചു. കോട്ടയം സീറ്റില്‍ മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കുതിരച്ചിഹ്നത്തില്‍ മത്സരിച്ച്‌ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോണ്‍ഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ ലയിച്ചു. എന്നാല്‍, യോജിപ്പിന് ഏതാനും വര്‍ഷങ്ങള്‍മാത്രമാണ് ആയുസ്സുണ്ടായത്

1987-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടി പിളര്‍ന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങള്‍ക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. രണ്ട് എംപി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ കൊടിയടയാളം. പിന്നീട് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടര്‍ന്നു.
ജോസഫ് രണ്ടില കൊണ്ടു പോകുമോ എന്ന ഭയത്തിലാണ് രണ്ടില ചിഹ്നം വേണമെന്നു കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടത്. ചിഹ്നം നല്‍കാന്‍ ജനറല്‍ സെക്രട്ടറിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ കാര്യവും അറിയിച്ചു. എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നതെന്നു ടിക്കാറാം മീണ പറഞ്ഞതോടയാണ് സാധ്യത മങ്ങിയത്. ഇതിന് പിന്നാലെ ജോസഫിന്റെ എതിർപ്പും തിരിച്ചടിയായി.