
കോട്ടയം: സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന ചികിത്സ ഇൻഷ്വറൻസ് പദ്ധതി ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സർക്കാർ നേരിട്ട് നിർധന രോഗികൾക്ക് നൽകുന്ന രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് കേരള കോൺഗ്രസ് എം രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
കെ എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതി ഇത്തരത്തിലാണ് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയിരുന്നത്.ചികിത്സാ സഹായ പരിരക്ഷയില്ലാതെ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്ത സാഹചര്യമാണ് ഇനി വരാൻ പോകുന്നത്.
ഇത് മുൻകൂട്ടി കണ്ടുകൊണ്ട് വൻകിട മൾട്ടി നാഷണൽ കമ്പനികൾ കേരളത്തിലെ പല സ്വകാര്യ ആശുപത്രികളും വിലക്കെടുത്തു കഴിഞ്ഞു .അവർ നിശ്ചയിക്കുന്ന ഇൻഷ്യറൻസ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാത്രമേ രോഗികൾക്ക് സാമ്പത്തിക സഹായം ലഭ്യമാവുകയുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾക്ക് 25 ലക്ഷം രൂപയുടെ ചികിത്സ ഇൻഷ്വറൻസ് കവറേജ് സംസ്ഥാന സർക്കാർ നൽകുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ഇൻഷ്വറൻസ് പദ്ധതി ഏറ്റെടുക്കുന്ന ഇൻഷ്വറൻസ് കമ്പനികൾ ആദ്യമൊക്കെ സുതാര്യമായി ഈ പദ്ധതി നടപ്പാക്കി തുടങ്ങും.
പിന്നീട് രോഗികൾക്ക് താങ്ങാനാവാത്ത പല നിബന്ധനകളും കൊണ്ടുവരും.ഓരോ ആശുപത്രികളിലും ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമേ ഇൻഷ്വറൻസ് പരിരക്ഷ നടപ്പാക്കുകയുള്ളൂ.കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ ഇൻഷ്വറൻസ് കവറേജ് പദ്ധതിയിൽ സംഭവിച്ചത് പോലെ രോഗികൾ നെട്ടോട്ടമോടുന്ന അവസ്ഥ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമ്പോഴും സംഭവിക്കും.
ഇൻഷുറൻസ് കവറേജിന്റെ മറവിൽ കൊള്ള ലാഭം ഉണ്ടാക്കുവാൻ ലക്ഷ്യമിടുന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധനകളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാർ നേരിട്ട് പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാധിക്കും.
യു.കെ യിൽ നിലവിലുള്ള കർശനമായ കുടിയേറ്റ-വിസ നയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളും തൊഴിലാളികളെയും പുനരാധിവസിപ്പിക്കാനും സഹായിക്കാനും സമഗ്ര പദ്ധതി രൂപീകരിക്കണം.ഇവരിൽ ബഹുഭൂരിപക്ഷം ആളുകളും ബാങ്ക് വായ്പകളെ ആശ്രയിച്ചാണ് തൊഴിലിനും പഠനത്തിനുമായി വിദേശരാജ്യങ്ങളിൽ എത്തിയത്.ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്.അവരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
സ്ത്രീകളുടെ സൗജന്യ യാത്ര;ഹയർ സെക്കൻഡറി വരെയുള്ള ആൺകുട്ടികൾക്കും ബാധകമാക്കണം
കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർഥിനികൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ആനുകൂല്യം ആൺകുട്ടികൾക്കും നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു .
2026 ജൂൺ മാസം 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന സർക്കാർ പ്രഖ്യാപനം പ്രാബല്യത്തിൽ വരികയാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന യാത്ര സൗജന്യംപ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയും, കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികൾക്കും സ്വാഭാവികമായും ലഭിക്കും.
ആൺകുട്ടികൾക്ക് ഈ സൗജന്യം ലഭിക്കുകയില്ല എന്നത് തികച്ചും വിവേചനപരമായ ഒരു വസ്തുതയാണെന്നും കേരള കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ചൂണ്ടിക്കാട്ടി.പാർട്ടി ചെയർമാൻ ജോസ് കെ മാണി അധ്യക്ഷത വഹിച്ചു.
റോഷി അഗസ്റ്റിൻ, സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ . ഡോ എൻ ജയരാജ്, ഡോ.കുര്യാസ് കുമ്പളക്കുഴി , ജോബ് മൈക്കിൾ , സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി ടി ജോസഫ്, വി വി ജോഷി, എം എം ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.







