സീറ്റ്‌ബെൽറ്റ് ഇടാത്ത പൊലീസിനെ പാഠം പഠിപ്പിച്ച യുവാവ് തട്ടിപ്പ് കേസിൽ കുടുങ്ങി: സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിയെടുക്കാൻ ശ്രമിച്ചത് മൂന്നു ലക്ഷം രൂപ; യുവാവും രണ്ട് കൂട്ടാളികളും റിമാൻഡിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആലപ്പുഴയിൽ സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ച പൊലീസ് ഉദ്യോഗസ്ഥരെ ലൈവ് വീഡിയോയിലൂടെ വിറപ്പിയ്ക്കുകയും, സസ്‌പെന്റ് ചെയ്യിപ്പിക്കുകയും ചെയ്ത യുവാവ് ഒടുവിൽ കുടുങ്ങി. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആശുപത്രിയിൽ നിന്നും മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെയും രണ്ട് കൂട്ടാളികളെയും റിമാൻഡും ചെയ്തു.


മന്ത്രിയ്ക്ക് അകമ്പടി പോയ ശേഷം മടങ്ങിയ പൊലീസ് വാഹനം റോഡിൽ തടഞ്ഞു നിർത്തി ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുന്നത് വീഡിയോ ചിത്രീകരിച്ച് തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിരാമും രണ്ടു സുഹൃത്തുക്കളെയുമാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കേശവദാസപുരത്ത് പ്രവർത്തിക്കുന്ന നവജീവൻ പ്രകൃതി ചികിൽസാലയത്തിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അഭിരാമും രണ്ടു പ്രതികളും ചേർന്ന് സ്ഥാപനത്തിൽ എത്തിയത്. കേരള പൊലീസിലെ സ്പെപെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് പ്രതികൾ സ്ഥാപനത്തിൽ എത്തിയത്. തുടർന്ന് സ്ഥാപനത്തിന് ലൈസൻസില്ലെന്നും രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. സ്പഷ്യെൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം സ്ഥാപനം വ്യാജമാണെന്നും പ്രശ്നം ഒതുക്കാൻ മൂന്ന് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ആശുപത്രി ഉടമ ഡോ നാസുമുദ്ദിനെ രണ്ട് മണിക്കൂറോളം ഇവർ തടഞ്ഞുവെച്ചു. എന്നാൽ, സംശയം തോന്നിയ ഡോക്ടർ ഇവരോട് ഐഡി കാർഡ് ചോദിച്ചു. ഇതോടെ ഇവർ അക്രമാസക്തരായി. തുടർന്ന് ആശുപത്രി അധികൃതർ പേരൂർക്കട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രതികൾ ഇത്തരത്തിൽ കേരളത്തിലുടനീളം നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായാണ് പോലീസ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച പോലീസുകാരെ പിന്തുടർന്ന് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് കയ്യടി നേടിയ വ്യക്തിയാണ് അഭിരാം. ഇത് വൻ വാർത്തയാകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഭിരാമിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് കേസും രജിസ്റ്റർ ചെയ്തിരുന്നു. അഭിരാമിന്റെ ഇടപെടലിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഭിരാമിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുന്നത്.