എൻ.ഹരി പാലായിൽ എൻഡിഎ സ്ഥാനാർത്ഥി: ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തം
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രം വ്യക്തമായി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോമും, എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പനും എത്തിയതോടെയാണ് പാലാ മണ്ഡലത്തിൽ മത്സരചിത്രം ഏകദേശം വ്യക്തമായിരിക്കുന്നത്.
എബിവിപിയിയിലുടെയും ആർഎസ്എസിലൂടെയുമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി രാഷ്ട്രീയ രംഗത്ത് എത്തിയത്. പിന്നീട് യുവമോർച്ചയുടെ വിവിധ ചുമതലകൾ ഹരി വഹിച്ചു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ്, യുവമോർച്ചാ സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും എൻ.ഹരി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് എൻ.ഹരി. പത്തുവർഷത്തോളം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായിരുന്നു. ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലമായ പഴയ വാഴൂരിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഹരി മികച്ച മത്സരമാണ് കാഴ്ച വച്ചത്. അയ്യാരിത്തിൽ താഴെ വോട്ട് മാത്രം ബിജെപിയ്ക്കുണ്ടായിരുന്ന മണ്ഡലത്തിൽ ബിജെപിയ്ക്കുണ്ടായിരുന്നത് കാൽലക്ഷത്തിനു മുകളിൽ എത്തിച്ചത് ഹരിയുടെ മത്സരമികവാണ്.