റോഡരികിൽ ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ ടാറിങ് നടത്തി; കരൾ അലിയിപ്പിക്കുന്ന സംഭവം ആഗ്രയിൽ

റോഡരികിൽ ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ ടാറിങ് നടത്തി; കരൾ അലിയിപ്പിക്കുന്ന സംഭവം ആഗ്രയിൽ

സ്വന്തം ലേഖകൻ

ആഗ്ര: ആരുടെയെും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. പകുതി ടാറിൽ പുതഞ്ഞ നായയുടെ ചിത്രം ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമത്തിൽ പടർന്നിരുന്നു. താജ്മഹലിനും സർക്യൂട്ട് ഹൗസിനും സമീപത്തേക്കുള്ള റോഡിലാണു ടാറിങ് നടന്നത്. റോഡരികിൽ കിടന്ന നായയെ ഓടിച്ചുവിടാൻ ശ്രമിക്കാതെ, ഉരുകിയ ടാർ അതിന്റെ പുറത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കരാറുകാർക്കു മരാമത്തുവകുപ്പ് നോട്ടീസ്‌
നൽകി. റോഡ് വെട്ടിപ്പൊളിച്ചു നായയുടെ ജഡം നീക്കം ചെയ്തു. നായ ചത്തുകിടക്കുകയായിരുന്നുവെന്നും വാദമുയർന്നു. ഇതു നിഷേധിച്ച് സദർ പോലീസ്‌ സ്റ്റേഷനിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. സംഭവം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.