play-sharp-fill
ഓട്ടോറിക്ഷയ്ക്ക് മീറ്ററിനെച്ചൊല്ലി തർക്കം അതിരൂക്ഷം: അപ്രതീക്ഷിതമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സി.ഐ.ടി.യു; പ്രതിഷേധവുമായി ബിഎംഎസ്

ഓട്ടോറിക്ഷയ്ക്ക് മീറ്ററിനെച്ചൊല്ലി തർക്കം അതിരൂക്ഷം: അപ്രതീക്ഷിതമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സി.ഐ.ടി.യു; പ്രതിഷേധവുമായി ബിഎംഎസ്

സ്വന്തം ലേഖകൻ

കോട്ടയം: ഓട്ടോറിക്ഷയ്ക്ക് മീറ്റർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജില്ലയിൽ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു.


ഇതിനു പിന്നാലെ ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ഓട്ടോഡ്രൈവർമാർ രംഗത്ത് എത്തിയത്. ഇതോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ അനിശ്ചിത കാല സമരം ആരംഭിച്ചത്.
സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ മാസം അവസാനമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇത്തരത്തിൽ പ്രഖ്യാപനം എത്തിയപ്പോൾ തന്നെ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു. ചർച്ചയില്ലാതെ ഏകപക്ഷീയമായാണ് മീറ്റർ സ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തീരുമാനം എടുത്തത് എന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിന്റെ കാരണം. റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറിനെപ്പറ്റി ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. എന്നാൽ, ഈ യോഗത്തിൽ ഏകപക്ഷീയമായി ജില്ലാ കളക്ടർ മീറ്ററുകൾ പ്രവർത്തിപ്പിക്കണമെന്ന് പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് സി.ഐ.ടി.യുവിന്റെ ആരോപണം.
ഞായറാഴ്ച രാത്രിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 20 ഓട്ടോറിക്ഷകൾക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ, ഈ ഓട്ടോറിക്ഷകളുടെ ലൈസൻസ് പിടിച്ചെടുത്തെന്നും, ഈ വാഹനം പിടിച്ചെടുത്തെന്നും ആരോപിച്ചാണ് ബി.എം.എസ് നേതൃത്വത്തിൽ ഞായറാഴ്ച രാത്രിയിൽ നഗരത്തിൽ പ്രതിഷേധിച്ചതും പ്രകടനം നടത്തിയതും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റാൻഡിൽ രാത്രിയിലായിരുന്നു പ്രതിഷേധ പ്രകടനം.
ഇതിനിടെ തിങ്കളാഴ്ച രാവിലെ മുതൽ അനിശ്ചിത കാല സമര പ്രഖ്യാപനവുമായി സി.ഐ.ടി.യു രംഗത്ത് എത്തുകയായിരുന്നു. ജില്ലയിൽ മീറ്റർ ഇടുന്ന എല്ലാ കേന്ദ്രങ്ങളിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ പ്രഖ്യാപനം. ഇതി്‌ന്റെ ഭാഗമായി ഇന്നും പരിശോധന തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group