play-sharp-fill
മീറ്ററില്ലാതെ ആളെപറ്റിച്ച് ഓട്ടോറിക്ഷകളുടെ ഓട്ടം: മീറ്റർ ഇടാതെ ഓടിയ ഇരുപത് ഓട്ടോറിക്ഷകൾക്കെതിരെ നടപടി; മീറ്ററില്ലെങ്കിൽ പിഴ പതിനായിരം രൂപ; രാത്രിയിൽ ഓട്ടോറിക്ഷകളുടെ സമരത്തിൽ ജനം വലഞ്ഞു

മീറ്ററില്ലാതെ ആളെപറ്റിച്ച് ഓട്ടോറിക്ഷകളുടെ ഓട്ടം: മീറ്റർ ഇടാതെ ഓടിയ ഇരുപത് ഓട്ടോറിക്ഷകൾക്കെതിരെ നടപടി; മീറ്ററില്ലെങ്കിൽ പിഴ പതിനായിരം രൂപ; രാത്രിയിൽ ഓട്ടോറിക്ഷകളുടെ സമരത്തിൽ ജനം വലഞ്ഞു

സ്വന്തം ലേഖകൻ
കോട്ടയം: മീറ്ററില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ നടപടികൾക്കെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്ത്. മീറ്ററില്ലാതെ ആളുകളുടെ പോക്കറ്റടിക്കുന്ന ഓട്ടോഡ്രൈവർമാരെ ന്യായീകരിച്ച് ബി.എംഎസ് നേതൃത്വത്തിലുള്ള യൂണിയൻ നഗരത്തിൽ പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന ചട്ടം പുറത്ത് വന്നതോടെ മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പിഴ പതിനായിരം രൂപയാണ്.
ഞായറാഴ്ച രാത്രിയിൽ മോട്ടോർ വാഹന വകൂപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് രാത്രിയിൽ നടപടി ആരംഭിച്ചത്.
എന്നാൽ, രാത്രിയിൽ എത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നതായും, ഡ്രൈവർമാരുടെ ലൈസൻസ് പിടിച്ചെടുക്കുന്നതായും, ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുന്നതായും ആരോപിച്ചാണ് ബിഎംഎസ് രംഗത്ത് എത്തിയത്. തുടർന്ന് ഇവർ നഗരത്തിൽ രാത്രിയിൽ പ്രകടനം നടത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ പ്രതിഷേധത്തെ തുടർന്ന് ഓടാൻ ബി.എംഎസ് പ്രവർത്തകർ അനുവദിച്ചില്ല. രാത്രിയിൽ എട്ടു മുതൽ 11 വരെ ബിഎംഎസ് നേതൃത്വത്തിലാണ് ഓട്ടോഡ്രൈവർമാർ പ്രതിഷേധിച്ചത്.
ഓട്ടത്തിന് അമിതചാർജ് ഈടാക്കുന്നതിനൊപ്പം യാത്രക്കാരുമായുള്ള തർക്കവും പതിവായ സാഹചര്യത്തിലാണ് സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ല കലക്ടർ പി.കെ.സുധീർബാബു കർശനനിർദേശം നൽകിയത്.
തൊഴിലാളി യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ എടുത്ത തീരുമാനം അംഗീകരിക്കാതെയാണ് ഓട്ടോതെരുവിലിറക്കിയത്. പരിശോധനകൾ ഭയന്ന് ചില ഓട്ടോകളിൽ പേരിന് മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. യാത്രക്കാർ മീറ്ററെക്കുറിച്ച് ചോദിച്ചാൽ അതൊന്നും ഇവിടെ നടപ്പാകില്ലെന്ന മറുപടിയാണ് ലഭിക്കുക. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി തുടങ്ങിയപ്പോഴാണ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിനുകളുടെ സംഘം ചേർന്നുള്ള പ്രതിഷേധവും വിരട്ടലും.