
കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
1950 ജൂൺ ഒന്നിന് കൊയിലാണ്ടിയിലാണ് ടി.പി. ദാസന്റെ ജനനം. കാരയാട് എൽ.പി., കൽപ്പത്തൂർ യു.പി., മേപ്പയ്യൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളേജിൽ നിന്ന് കായികാധ്യാപക ഡിപ്ലോമ നേടി. തുടർന്ന് തളി ഗവ. യു.പി. സ്കൂളിൽ താത്കാലിക കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും, 1973-ലെ അധ്യാപക സമരത്തിൽ പങ്കെടൂത്ത് ജയിലിലായതോടെ ജോലി നഷ്ടപ്പെട്ടു.
കെ.എസ്.എഫിലൂടെ (KSF) രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന ടി.പി. ദാസൻ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. കെ.എസ്.വൈ.എഫിന്റെ (KSYF) സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1980-ൽ ഡി.വൈ.എഫ്.ഐ. (DYFI) രൂപീകരണ വേളയിൽ സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
1967-ൽ സി.പി.എം. അംഗമായ അദ്ദേഹം, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നു. 1985 മുതൽ ദീർഘകാലം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
അഡ്വ. ശങ്കരന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കോഴിക്കോടിന്റെ നഗരപിതാവായി മാറിയ വ്യക്തിയാണ് ടി.പി. ദാസൻ. അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ നിന്നാണ് അദ്ദേഹം കോഴിക്കോട്ടേക്ക് ചേക്കേറുന്നത്. 1992 മുതൽ 1994 വരെയായിരുന്നു കോഴിക്കോട് കോർപ്പറേഷൻ മേയർ.







