
ചേർത്തല: ആലപ്പുഴയില്‍ പ്രൊജക്ട് സീറോയില്‍ പെട്ട് ചേർത്തല ഡിവൈഎസ്പി.
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനില്‍കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
ശുചിമുറി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ലക്ഷം രൂപയാണ് അനില്‍കുമാർ വാഹനം വിട്ടു നല്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്.
തുടർന്ന് പണം നല്കാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു. കൈക്കൂലി പണം വാങ്ങവേ വിജിലൻസിനെ കണ്ട് അനില്‍കുമാർ വീട്ടില്‍കയറി കതകടച്ചു. പിന്നീട് വീടിന്റെ മേല്‍ക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനില്‍ മതില് ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസില്‍ ‘പ്രോജക്ട് സീറോ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കൈക്കൂലി വാങ്ങുന്നു ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ്.
ഡിവൈഎസ്പി അനില്‍കുമാറിനെതിരെ നേരത്തെ മുതല്‍ കൈക്കൂലി ആരോപണം നിലനിന്നിരുന്നു.







