play-sharp-fill
ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം: 11 പേരെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു; എല്ലാ പ്രതികൾക്കുമെതിരെ വധശ്രമത്തിന് കേസ്; പുറത്തു നിന്നെത്തിയ ആളുകൾക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തു

ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം: 11 പേരെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു; എല്ലാ പ്രതികൾക്കുമെതിരെ വധശ്രമത്തിന് കേസ്; പുറത്തു നിന്നെത്തിയ ആളുകൾക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് 11 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തത്. സംഭവത്തിലെ പ്രതികളായ എല്ലാ വിദ്യാർത്ഥികൾക്കും എതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് എ.ബി.വി.പി പ്രവർത്തകരെയും, ഒൻപത് എസ്.എഫ്.ഐ പ്രവർത്തകരെയുമാണ് പുറത്താക്കിയിരിക്കുന്നത്. കോളേജിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ശക്തമായ നടപടികളാണ് പൊലീസും കോളേജ് മാനേജ്‌മെന്റും ചേർന്ന് സ്വീകരിച്ചിരിക്കുന്നത്.
ഏറ്റുമാനൂരപ്പൻ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ ഭരത് അശോക് കുമാർ, ജി.ആദിത്യൻ, സൂരജ് സുരേഷ്, അരവിന്ദ് ബിജു, അശ്വിൻ മോഹൻ, മൂന്നാം വർഷ ബി.എ ഇക്കണോമിക്‌സ് വിഭാഗം വിദ്യാർത്ഥികളായ എനോഷ് ടി.ജോയി, കെ.വിഷ്ണു പ്രസാദ്, മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികളായ അനന്ദു ഷാജി, ആരോമൽ, ഹരിലാൽ കെ.ജോമോൻ, ബിബിഎ വിദ്യാർത്ഥി ടി.ആർ അഭിലാഷ് എന്നിവരെയാണ് കോളേജിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഈ വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് ഏറ്റുമാനൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ ഏറ്റുമാനൂരപ്പൻ കോളേജിൽ എസ്.എഫ്.ഐ – എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിനുള്ളിലുണ്ടായ സംഘർഷം പുറത്തേയ്ക്കും വ്യാപിച്ചത്. തുടർന്ന് ഏറ്റുമാനൂർ നഗരത്തിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയും, വിവിധ സ്ഥലങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസും – കോളേജ് മാനേജ്‌മെന്റും കർശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇത് കൂടാതെ കോളേജിന് പുറത്ത് നടന്ന സംഘർഷങ്ങളിൽ പുറത്തു നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിട്ടുമുണ്ട്.