
ബദിയടുക്ക: ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 9.25ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു സംഭവം.
മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42) ആണ് മരിച്ചത്. സംഭവത്തില്‍ കിരണ്‍, അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസമയത്ത് മാർപ്പിനടുക്ക ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സുരേഷിനെ ഒന്നാംപ്രതി കിരണ്‍ പിച്ചാത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ സുഭാഷ് ബി നല്‍കിയ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത 103(1), 3(5) വകുപ്പുകള്‍ പ്രകാരമാണ് കൊലകുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ ബദിയടുക്ക ഇൻസ്‌പെക്ടർ ആർ പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.







