
സ്വന്തം ലേഖിക
ന്യൂഡൽഹി: കേരളാ പൊലീസിനെതിരെ വിമർശനങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എങ്കിലും രാജ്യത്തെ മൊത്തം പൊലീസിങ് സംവിധാനവുമായി തട്ടിച്ചു നോക്കുമ്പോൾ കേരളാ പൊലീസ് ഏറെ മുന്നിലാണ്. സാധാരണക്കാർക്ക് കയറിച്ചെല്ലാൻ കഴിയുന്ന സാഹചര്യമുള്ള ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. പോരായ്മ്മകൾ ഏറെ ഉണ്ടെങ്കിലും രാജ്യത്തെ മികച്ച പൊലീസിങ് സംവിധാനമുള്ളത് കേരളത്തിലാണെന്നാണ് കണ്ടെത്തൽ.
അടിസ്ഥാന സൗകര്യം, ആൾബലം, ബജറ്റ് വിഹിതം എന്നിവയുടെ കാര്യത്തിൽ ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലെന്നാണ് പുറത്തുവന്ന പഠനറിപ്പോർട്ട്. മൊത്തം മികവിൽ ഡൽഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മഹാരാഷ്ട്ര മൂന്നാമതും. ആൾബലത്തിന്റെ കാര്യത്തിൽ ഡൽഹിയും കേരളവും ബലാബലം നിൽക്കുമ്‌ബോൾ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഡൽഹി ഒരുപടി മുന്നിലാണ്. 1.03 ആണു ഡൽഹിയുടെ ഇൻഡ്കസ് പോയിന്റെങ്കിൽ കേരളത്തിന് 0.89.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബജറ്റ് വിഹിതത്തിൽ പക്ഷേ, കേരളവും ഡൽഹിയും മഹാരാഷ്ട്രയ്ക്കും പിന്നിലാണ്. ലോക്നീതി സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആൻഡ് കോമൺ കോസ് തയാറാക്കിയ രാജ്യത്തെ പൊലീസിങ് റിപ്പോർട്ടിലാണ് (2019) നിരീക്ഷണം. രാജ്യത്തെ പൊലീസിങ് സംവിധാനം ഇനിയും ഏറെ മെച്ചപ്പെടാൻ ഉണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പൊതുവായി പറയുന്നത്. 2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയർലെസ് ഫോണോ പോലുമില്ലാത്ത 24 പൊലീസ് സ്റ്റേഷനുകൾ രാജ്യത്തുണ്ട്.
ജാർഖണ്ഡ്, നാഗാലാൻഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായാണ് ഈ 24 സ്റ്റേഷനുകൾ. ഇത്തരം സൗകര്യങ്ങളിൽ മുന്നിലുള്ള കേരളത്തിൽ ഒരു പൊലീസ് സ്റ്റേഷനിൽ ശരാശരി 6 കംപ്യൂട്ടറെങ്കിലുമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പല സ്റ്റേഷനുകളിലും ഇതു 10 വരെയാണ്. വാഹനമില്ലാത്ത പൊലീസ് സ്റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ. ഇക്കാര്യത്തിലും കേരളത്തിന്റെ നില ഏറെ ഭേദമാണ്.
ഇതേസമയം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ എണ്ണത്തിൽ കേരളത്തിനു ഞെരുക്കമുള്ളതായി റിപ്പോർട്ടിലുണ്ട്. പൊലീസ് സ്റ്റേഷനുകൾക്കു സ്വന്തമായുള്ള സ്ഥലത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളാണു ഭേദം. കേരളത്തിലെ സ്റ്റേഷനും പരിസരവും ഇരിക്കുന്ന സ്ഥലത്തെക്കാൾ ഇരട്ടിയാണ് ഒട്ടുമിക്കയിടത്തും. അതേസമയം സോഷ്യൽ മീഡിയയിലൂടെ അടക്കം സജീവമായി ഇടപെടൽ നടത്തുന്നവരാണ് കേരളാ പൊലീസ്.
ഏറെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളിലൂടെ മലയാളികളുടെ മനം കവർന്ന കേരളാ പൊലീസ് ടിക് ടോക്കിലും സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. സമൂഹത്തെ ബോധവൽകരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതൽ കേരളാ പൊലീസ് ടിക് ടോക്കിൽ തരംഗമാകും. ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പൊലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങൾ സ്വീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാൻ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പൊലീസ് ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽ നോട്ടത്തിൽ ഉള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിമൽ വി എസ്, കമൽനാഥ് കെ.ആർ എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ ബി.റ്റി, , സന്തോഷ് പി.എസ് എന്നിവരുമാണ് ഉള്ളത്. ടിക് ടോക് വീഡീയോകൾക്കായി ആശയങ്ങൾ കണ്ടെത്തി തിരക്കഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിങ് തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുന്നതും ഇവർതന്നെയാണ്. ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കേരളാ പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ സംസ്ഥാനതല പൊലീസ് പേജുകളിൽ ഒന്നാമതാണ്.