മിന്നൽ പരിശോധന : പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു ; ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് ത്വക്ക് രോഗമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ; ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വന്തം ലേഖിക
കോലഞ്ചേരി: കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മാംസവും ഉൾപ്പെടെയുള്ളവ പിടികൂടി. കോട്ടൂർ പാറേക്കാട്ടിക്കവലയിലെ കോൾഡ് സ്റ്റോറേജിൽ ആരോഗ്യ വകുപ്പ് നടത്തിയ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു ബാധയ്ക്കു സാധ്യതയുള്ള ഫ്രീസറിലായിരുന്നു മാംസം സൂക്ഷിച്ചിരുന്നത്. ഈ സ്ഥാപനം ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ടു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 4 ഹോട്ടലുകളിൽ വിൽപന നടത്താനായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണു ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. ത്വക് രോഗമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമായി പാചകം ചെയ്തിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നു വിലക്കി. മുൻപ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ 2 ഹോട്ടലുകളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group