play-sharp-fill
മൂന്ന് തവണ മാണിയെ വിറപ്പിച്ച മാണി സി കാപ്പൻ നാലാം തവണ കപ്പടിക്കുമോ?

മൂന്ന് തവണ മാണിയെ വിറപ്പിച്ച മാണി സി കാപ്പൻ നാലാം തവണ കപ്പടിക്കുമോ?

കോട്ടയം: വീണ്ടുമൊരു തെരെഞ്ഞെടുപ്പ് മാമാങ്കത്തിന് പാലാ നിയോജക മണ്ഡലം തയ്യാറെടുക്കുമ്പോൾ അതേ തട്ടകത്തിൽ തൻ്റെ നാലാമാങ്കത്തിനൊരുങ്ങുകയാണ് മാണി സി കാപ്പൻ. തുടര്‍ച്ചയായ മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും കെഎം മാണിയോട് മികച്ച മത്സരം കാഴ്ചവെക്കാൻ മാണി സി കാപ്പന് കഴിഞ്ഞു. 2006ൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 24,000ത്തിൽ നിന്ന് 7500 ആയും 2011ൽ 5500 ആയും 2016ൽ 4703 ആയും കുറയ്‌ക്കാനായത് മാണി സി കാപ്പന്റെ നേട്ടം തന്നെ.

പക്ഷേ ഇത്തവണത്തെ മത്സരത്തിൽ മാണി സി കാപ്പനെ നേരിടാൻ പാലായിലെ ശക്തനായ നേതാവില്ല. മാത്രമല്ല ജോസ് കെ മാണി എതിരാളിയായാല്‍ ജയം എളുപ്പമാണെന്നാണ് ഇവരുടെ വാദം. ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ലെന്നും, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍ പറയുന്നു. അതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പനും കൂട്ടർക്കും.

ശനിയാഴ്ചയാണ്‌ കാപ്പൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോൺഗ്രസ് എം.പിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന പരേതനായ ചെറിയാൻ ജെ. കാപ്പന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകനായി 1956 ലാണ് മാണി സി.കാപ്പന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മുൻ ഇന്ത്യൻ ഇന്റർ നാഷണൽ വോളിബാൾ താരമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ്ടനുമായിരുന്നു. 1977ൽ വൈദ്യുതി ബോർഡ് താരമായിരുന്നു. 78 ൽ യു.എ.ഇയിലെ അബുദാബി സ്‌പോർസ് ക്ലബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 82 വരെ കായിക രംഗത്ത് സജീവമായിരുന്നു.

1993ൽ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം നിർമ്മിച്ച് സിനിമാരംഗത്തെത്തി. 12 ചിത്രങ്ങൾ നിർമ്മിച്ച കാപ്പൻ മലയാളം, തമിഴ്, തെലുങ്ക്, അസാമീസ് തുടങ്ങിയ ഭാഷകളിലായി 25ൽ പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്. 2000 മുതൽ 2005 വരെ പാലാ മുനിസിപ്പൽ കൗൺസിലറായിരുന്നു.

നാളികേര വികസന ബോർഡ് ദേശീയ വൈസ് ചെയർമാൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം എൻ.സി.പി സംസ്ഥാന ട്രഷറർ ആയിരുന്നു. മേഘാലയയിൽ മഞ്ഞളിന്റെയും കൂവയുടെയും കൃഷിയും സംസ്‌കരണവും വിപണനവും നടത്തുകയാണ് കാപ്പൻ. ചങ്ങനാശ്ശേരി പാലത്തിങ്കൽ കുടുംബാംഗം ആലീസ് ആണ് ഭാര്യ. മകൻ ചെറിയാൻ മാണി കാപ്പൻ കാനഡയിൽ എൻജിനിയർ. ടീന, ദീപ എന്നിവരാണ് മറ്റു മക്കൾ.