play-sharp-fill
മലപ്പുറത്തും കണ്ണൂരിലും വൻ ലഹരി വേട്ട: കേരളത്തിലേയ്ക്ക് വൻ തോലിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഒഴുകിയെത്തുന്നു

മലപ്പുറത്തും കണ്ണൂരിലും വൻ ലഹരി വേട്ട: കേരളത്തിലേയ്ക്ക് വൻ തോലിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഒഴുകിയെത്തുന്നു

സ്വന്തം ലേഖകൻ
കണ്ണൂർ: സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും അടക്കമുള്ള വൻ ലഹരി മരുന്നുകൾ ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ബുധനാഴ്ച മലപ്പുറത്ത് നിന്നും ഒരു കിലോയ്ക്ക് മുകളിൽ ഹാഷിഷ് ഓയിലും, 23 കിലോയിലധികം കഞ്ചാവ് കണ്ണൂരിൽ നിന്നും പിടികൂടിയിരുന്നു. ഇതോടെ ലഹരിമാഫിയ കേരളത്തെ വിഴുങ്ങാൻ എത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
മലപ്പുറം വാഴക്കാട് ഒരു കിലോ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. തിരൂർ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കൽ റസാഖ്, എടപ്പാൾ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടിൽ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്ന് ബൈക്കിൽ കടത്തുകയായിരുന്നു പ്രതികൾ.രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.
23 കിലോ കഞ്ചാവാണ് കണ്ണൂരിൽ മൂന്നംഗ സംഘത്തിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്. തൃശൂർ കരുവന്നൂർ സ്വദേശികളായ സെബി, മെജോ, സുജിത് എന്നിവരെയാണ് 23 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
വിശാഖപട്ടണത്ത് നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിച്ചത്. കണ്ണൂരിൽ വിൽപ്പനയ്ക്കായാണ് ഇവർ കഞ്ചാവെത്തിച്ചത്. മൂന്ന് പൊതികളിലായി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവർ നേരത്ത തൃശ്ശൂരിൽ സമാന കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് പിടികൂടാൻ സംസ്ഥാനത്തെമ്പാടും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.