
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ റേസ് കോഴ്സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇവർക്ക് നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്ദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ രണ്ടാഴ്ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞ കോടതി, ഇത്തരം ഭരണപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും വ്യക്തമാക്കി. സൈനിക കേന്ദ്രത്തിൻ്റെ അടുത്തും അതീവ സുരക്ഷാ മേഖലയിലുമാണ് ചേരിയെന്നാണ് കേന്ദ്രം കോടതിയിൽ വാദിച്ചത്. ആഗോള തലത്തിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ചേരി വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണെന്നും കേന്ദ്രം പറഞ്ഞു. സവിദ ഖേരയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് 700 ഓളം പേർ താമസം മാറിയെന്നും ഇവരിൽ 192 പേർക്ക് താമസപത്രം നൽകിയെന്നും 136 പേർ ഇതിനോടകം തങ്ങൾക്ക് കിട്ടിയ ഫ്ലാറ്റുകളിൽ താമസം തുടങ്ങിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.






