
തൃശൂർ: കെവി തോമസിന്റെ പുസ്തകത്തില്‍ കരുണാകരനെ കുറിച്ചുള്ള പരാമർശത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍.
കെവി തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയില്‍ തന്നെ നിർത്താൻ അച്ഛന് ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു. താൻ തന്നെ പറഞ്ഞതുകൊണ്ടാണ് പിന്നീട് പിന്മാറിയത്. കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കുന്നതില്‍ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജാ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ കരുണാകരൻ ക്ഷീണിതനായപ്പോള്‍ കെവി തോമസ് എ കെ ആന്റണിക്ക് അടുത്തേക്ക് പോയി. കെ കരുണാകരനെ കെവി തോമസ് ചതിച്ചു. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല.
ഇപ്പോള്‍ കെവി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ഞാനത് പറയണമെങ്കില്‍ കൂടുതല്‍ പറയേണ്ടിവരും. സീനിയർ നേതാക്കളെ വേദനിപ്പിക്കേണ്ടി വരും. എങ്ങനെ കെവി തോമസ് തോമസ് ആയി എന്നോർത്താല്‍ നന്ന്. കെവി തോമസ് വല്ലതും പറഞ്ഞാല്‍ പഴയ ചരിത്രം ഞാൻ വിളിച്ചു പറയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുസ്തകം വിറ്റുപോകാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. കെവി തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാൻ ആണോ ബുക്ക് വില്ക്കാൻ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ലെന്നും പത്മജ പറഞ്ഞു.
തൃശ്ശൂരില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർന്നത് അന്വേഷിക്കണം. പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള ദേഷ്യമാണ് ഇത്തവണ കണ്ടതെന്നും തൃശ്ശൂരെന്റെ നാടല്ലേ പാർട്ടി പറഞ്ഞാല്‍ ഇനിയും നില്‍ക്കുമെന്നും പത്മജ പറഞ്ഞു.







