
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ കൂട്ടയടി. സംഘർഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി എട്ടുപേർക്ക് പരിക്കേറ്റു. വരൻ്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉള്‍പ്പെടെയാണ് എട്ടുപേർക്ക് പരിക്കേറ്റത്.
വണ്ടിപ്പെരിയാറിനടുത്തുള്ള ഗ്രാമ്പി സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെയാണ് കൂട്ടയടി നടന്നത്. പള്ളിയിലെ ചടങ്ങുകള്‍ക്കു ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരൻ്റെ സഹോദരിയും ഭർത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാൻ എത്തിയത്. കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റും ഇവർ ഇരുന്നു.
സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാർ പറഞ്ഞു. എന്നാല്‍, ഇത് ബന്ധുക്കള്‍ അവഗണിച്ചതോടെ തർക്കമായി. പാത്രം ഉപയോഗിച്ച് കേറ്ററിംഗ് ഉടമയുടെ മകൻ്റെ തലയ്ക്ക് അടിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ കൂട്ടയടിയായി. പരിക്കേറ്റവർ വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളില്‍ ചികിത്സ തേടി. ഇരു വിഭാഗത്തിലുള്ളവരും പരാതി നല്‍കാൻ തയ്യാറാകാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







