
അധ്വാനിക്കുന്ന വർഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ വിശ്വ സമരസ്മരണകൾ ഇരമ്പുന്ന ലോക മെയ്ദിനത്തെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി. സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി വർഗത്തിന്റെ കരുത്ത് വിളിച്ചോതുന്ന വിപുലമായ മെയ്ദിന റാലിയും പൊതുസമ്മേളനവും നാളെ നടക്കും. രാവിലെ ഒമ്പതിന് വിമലാംബിക സ്‌കൂൾ പരിസരത്തുനിന്ന് ചുവപ്പുസേനാ പരേഡിന്റെ അകമ്പടിയോടെ ബഹുജന റാലി ആരംഭിക്കും. നാടിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാരൂപങ്ങൾ റാലിക്ക് മാറ്റുകൂട്ടും. റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, തെയ്യം, തിറ, കരകം, കെട്ടുകാഴ്ച, ഗരുഡൻ പറവ എന്നിവ റാലിയിൽ അണിനിരക്കും. പഞ്ചവാദ്യവും ബാൻഡ്മേളവും വൈവിധ്യമാർന്ന നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന് മിഴിവേകും.
നഗരം ചുറ്റി നീങ്ങുന്ന പ്രകടനം എംജിഎം ഹൈസ്‌കൂളിന് സമീപമുള്ള ബെഥേൽ മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. കെഎം രാധാകൃഷ്‌ണൻ അധ്യക്ഷനാകും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടിആർ രഘുനാഥൻ, ജില്ലാ പ്രസിഡന്റ് റജി സഖറിയ, ജില്ലാ സെക്രട്ടറി കെ അനിൽകുമാർ തുടങ്ങി പ്രമുഖ സംസ്ഥാന–ജില്ലാ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതുസമ്മേളനത്തിന് ശേഷം പകൽ 11 മണി മുതൽ പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് സംഗീത പരിപാടിയും അരങ്ങേറും. മെയ്ദിനാചരണം വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.






