Spread the love

കോട്ടയം: മില്‍മ പാല്‍ വില നാലു രൂപ വര്‍ധിപ്പിക്കുമ്പോള്‍ സാധാരണ ക്ഷീര കര്‍ഷകന്‌ എന്തു നേട്ടം, ഒരു നേട്ടവുമില്ലെന്നാകും മറുപടി.
കഴിഞ്ഞയാഴ്‌ച വര്‍ധിപ്പിച്ച കാലിത്തീറ്റ വില, പാല്‍ വില വര്‍ധനയുടെ പേരില്‍ ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നതു മാത്രമാകും മിച്ചമെന്നും കര്‍ഷകര്‍. ഒരു ലിറ്റര്‍ പാലിന്‌ 10 രൂപ വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക്‌ ആശ്വാസമാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ആറു രൂപ വരെ വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു.

video
play-sharp-fill

വര്‍ധിപ്പിക്കുന്ന തുകയുടെ 80 ശതമാനത്തോളം തുക കര്‍ഷകനെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ശരാശരി 10 ലിറ്റര്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകന്‌ അധികമായി ലഭിക്കുക 35 രൂപയില്‍ താഴെ മാത്രം. കാലിവളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും കുറഞ്ഞ്‌ 30- 50 ശതമാനം വര്‍ധനയുണ്ടെന്നിരിക്കേയാണു നാലു വര്‍ഷത്തിനു ശേഷം ഒരു ലിറ്റര്‍ പാലിനു വെറും നാലു രൂപ കൂട്ടിയതെന്നും കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞയാഴ്‌ചയും കാലിത്തീറ്റ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ വില 40 രൂപ വര്‍ധിപ്പിച്ച്‌ 1540 രൂപയായതു കഴിഞ്ഞ ദിവസമാണ്‌. ഇന്നലെ, 50 രൂപ വര്‍ധിച്ചു ഗോതമ്പ്‌ തവിട്‌ വില 1500 രൂപയായി. പാല്‍, വില വര്‍ധിപ്പിച്ചുവെന്ന കാരണത്താല്‍ കാലിത്തീറ്റ വില വീണ്ടും വര്‍ധിക്കുമെന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്‌. അല്‍പ്പം വിലക്കുറവില്‍ മില്‍മയുടെയും കേരളാ ഫീഡ്‌സിന്റെയും കാലിത്തീറ്റ ലഭ്യമാണെങ്കിലും സുലഭമായി ലഭിക്കാത്തതും മുന്‍കൂര്‍ പണമടച്ചാല്‍ മാത്രം ലഭിക്കുകയുള്ളൂവെന്നതും തിരിച്ചടിയാകുന്നതായി ക്ഷീര സംഘം ഭാരവാഹികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കു ശരാശരി ലഭിക്കുന്നത്‌ 45 -48 രൂപയാണ്‌. പല ദിവസങ്ങളിലും ഉത്‌പാദന ചെലവും ഇതേ അവസ്‌ഥയില്‍ എത്തും. സ്വകാര്യ കമ്പനികള്‍ മൂന്നു മാസം മുമ്പേ പാല്‍ വില 60 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു കാലമായതിനാല്‍ സര്‍ക്കാര്‍ മില്‍മയുടെ നിര്‍ദേശം മരവിപ്പിച്ചിരിക്കുകയായിരുന്നു.

ഏതു മുന്നണി അധികാരത്തില്‍ വന്നാലും ആദ്യ വര്‍ഷം പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന്‌ ഉറപ്പാണ്‌, ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വില ആറു രൂപയെങ്കിലും വര്‍ധിപ്പിക്കണമായിരുന്നുവെന്നാണ്‌ ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നത്‌.