
എറണാകുളം: ഹർത്താൽ ദിനത്തിൽ ലഭിച്ച അവധി ആഘോഷിക്കാനായി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിന് സമീപം അശമന്നൂരിലെ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ട മറ്റൊരാൾ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. ഹർത്താലിനെ തുടർന്ന് കോളേജിന് അവധി ലഭിച്ചതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ കനാലിൽ കുളിക്കാനെത്തുകയായിരുന്നു. ആറുപേരടങ്ങിയ സംഘത്തിൽ മൂന്ന് പേരാണ് വെള്ളത്തിലിറങ്ങിയത്.
പത്തടിയോളം ആഴമുള്ള കനാലിൽ ഷട്ടർ തുറന്നതിനെ തുടർന്ന് ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണം. വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







