
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ സ്കാനിംഗ് റിപ്പോർട്ടില്‍ ഗുരുതര വീഴ്ച.
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 24 കാരന്റെ സ്കാനിംഗ് റിപ്പോർട്ടില്‍ ഗർഭപാത്രം. വൃക്കയിലെ കല്ല് ആയിരിക്കാം വേദനയ്ക്ക് പിറകില്‍ എന്ന ഡോക്ടർമാരുടെ അനുമാനത്തെ തുടർന്ന് യുവാവിനോട് സ്കാനിങ് എടുക്കുവാനായി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കായി എത്തിയ ദിവസം കഴിച്ച മരുന്നുകളെ തുടർന്ന് വേദന പൂർണമായും കുറഞ്ഞതിനാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങിയിരുന്നില്ല.
എന്നാല്‍ വീണ്ടും വയറുവേദന തുടർന്നതോടെ ചികിത്സ ആവശ്യമായി വന്നു. ഇതോടെ വീണ്ടും ആശുപത്രിയിലെത്തി സ്കാനിങ് റിപ്പോർട്ട് വാങ്ങുകയും ഹോമിയോ ചികിത്സ തേടുകയും ചെയ്തു. യുവാവ് അടുത്തുള്ള ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. അവിടെ എത്തി ഡോക്ടറെ മെഡിക്കൽ കോളേജിൽ നിന്നും എടുത്ത സ്കാനിങ് റിപ്പോർട്ട് കാണിച്ചപ്പോഴാണ് റിപ്പോർട്ടില്‍ ഗർഭപാത്രത്തെ കുറിച്ചുള്ള പരാമർശങ്ങള്‍ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. സ്കാനിങ് റിപ്പോർട്ട് മൊത്തത്തില്‍ മാറിപ്പോയതാണോ എന്ന് അറിയാനായി പേരും വയസ്സുമെല്ലാം ഒന്നുകൂടി പരിശോധിച്ചു.എന്നാല്‍ അവയെല്ലാം കൃത്യമാണ് ഷിഹാസ് 24 വയസ്സ് എന്നെല്ലാം ഉണ്ട്. ഇതോടെയാണ് സ്കാനിങ് റിപ്പോർട്ടില്‍ വലിയ വീഴ്ച സംഭവിച്ചു എന്ന് മനസ്സിലായത്.
പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അധികൃതരെ ഈ വീഴ്ച കാണിക്കുന്നതിന് വേണ്ടി ഷിഹാസ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തി. തങ്ങള്‍ക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി കൊടുത്തതോടെ ആശുപത്രിക്കാരുടെ പതിവ് രീതിയായ ദേഷ്യപ്പെടലും അവഗണനയുമാണ് യുവാവ് നേരിടേണ്ടിവന്നത്.
‘നിനക്കൊക്കെ ഈ രീതിയില്‍ റിപ്പോർട്ട് നല്‍കാനേ സാധിക്കു’ എന്ന് പറയുകയും പരിശോധിക്കട്ടെ എന്ന രീതിയില്‍ റിപ്പോർട്ട് വാങ്ങിച്ച് അത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ ഇട്ടു എന്നും ആരോപണം. പിന്നീട് തർക്കത്തെ തുടർന്ന് ഷിഹാസിന് തെറ്റ് തിരുത്തി പുതിയ പ്രിന്റ് നല്‍കുകയും ചെയ്തു.
മറ്റേതോ യുവതിയുടെ പരിശോധനാ റിപ്പോർട്ട് ആണ് ഷിഹാസിന്റെ പേരും വയസ്സും ചേർത്ത് നല്‍കിയത്. പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നല്‍കിയിട്ടുണ്ട്.







